Pages

kadhakal /കഥകൾ

Wednesday, July 7, 2021

പ്രണയം

                                      
                                     "പറഞ്ഞിട്ടില്ലിതുവരെ,  ഒന്നാകാൻ വിധിയില്ലാത്തവരെ തമ്മിൽ കണ്ടുമുട്ടിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് കാലം പറഞ്ഞിട്ടിലുതുവരെ..."

                                   ഇനിയും എഴുതി പൂർത്തിയാക്കാത്ത വരികളിലേക്ക് പാർവ്വതി മിഴി ഓടിച്ചു. അവളുടെ എഴുത്തു മുറിയിലെ കിളിവാതിൽ തുറന്നിടാൻ കാത്തിരുന്നു എന്നവണ്ണം ഒരു മന്ദമാരുതൻ അവളുടെ മുടിയിഴകളെ തഴുകി കടന്നുപോയി. പുറത്ത് പകൽ അസ്തമിച്ചു കഴിഞ്ഞു. രാത്രി ആധിപത്യം സ്ഥാപിച്ചു. രാത്രിക്ക് സ്വാഗതം അരുളിക്കൊണ്ട് പെട്ടെന്ന് മഴയും കടന്നു വന്നു. സമയം മുന്നോട്ട് പോകുന്നു. മുറിയിൽ തൂക്കിയിട്ടിരിക്കുന്ന നീളൻ ഘടികാരം പതിനൊന്ന് അടിച്ചു. പരസ്പരം തോറ്റു കൊടുക്കില്ല എന്ന മട്ടിൽ സൂചികൾ മത്സരിച്ച് ഓട്ടമാണ്. പാർവ്വതി ഓർമ്മകളുടെ മറു തലത്തിലേക്ക് ഒരു പ്രയാണം  നടത്തി. 
                                         
                                    ***************************************

                                   ഓർമകളുടെ മതിൽക്കെട്ടുകൾ തകർത്ത് പാർവ്വതി എത്തിനിന്നത് ഒരു വാകമരച്ചുവട്ടിലാണ്. വാകമുത്തശ്ശി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ആ കലാലയത്തിലെ തലമുതിർന്ന ആളാണ്. വസന്തകാലത്ത്,  മഞ്ഞ പരവതാനി വിരിച്ചപോലെയേ  വാകപ്പൂക്കൾ നിരന്നുകിടക്കുന്ന  ആ മുറ്റം കണ്ടാൽ തോന്നുകയുള്ളൂ. കലാലയത്തിൽ അവൾ എല്ലാവരുടെയും പാറു ആയിരുന്നു. അക്ഷരങ്ങളുടെ ലോകം വിട്ട് മറ്റൊന്നും അവൾക്ക്  ഇല്ലായിരുന്നു. അവളുടെ ഉറ്റ ചങ്ങാതിയായിരുന്നു രേവതി. രേവതിക്കുട്ടിയുടെ വരവോടെയാണ് രക്തബന്ധങ്ങളേക്കാൾ വിലയുണ്ട്  ചില സ്നേഹബന്ധങ്ങൾക്കെന്ന് പാർവ്വതി തിരിച്ചറിഞ്ഞത്. 


                                  പട്ടണത്തിലെ ആഡംബര ഫ്ളാറ്റിലെ ജീവിതം പാറുവിന് വെറുപ്പായിരുന്നു. ഏതോ ഒരു ചില്ലുകൂട്ടിൽ അടച്ച പക്ഷിയെപ്പോലെയാണ് അവിടെ അവൾ. അവിടെനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അവൾ അക്ഷരങ്ങളുമായി കൂട്ടുകൂടിയത്. അവൾ എഴുതുന്ന ഓരോ വരിയും അവളുടെ നഷ്ടസ്വപ്നങ്ങളോ ആഗ്രഹങ്ങളോ ആയിരുന്നു. എഴുത്തിന്റെ ലോകത്തിൽ പാറു അവളുടേതായ ഒരു സങ്കല്പസൃഷ്ടി തന്നെ മെനഞ്ഞെടുക്കുമായിരുന്നു . അച്ഛനും അമ്മയും കൽക്കത്തയിലാണ് ജോലി ചെയ്യുന്നത്. അവളേയും നിർബ ന്ധിച്ചതാണ് കൂടെ പോകാൻ.

 

പക്ഷേ അവളുടെ തീരുമാനം നാട്ടിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ തറവാട്ടിൽ നിൽക്കാനായിരുന്നു . അങ്ങനെയാണ് പാറു നാട്ടിൻപുറത്തുതന്നെ ഈ കലാലയത്തിൽ എത്തുന്നതും രേവതിക്കുട്ടിയെ കണ്ടുമുട്ടുന്നതും... 

                                     


ആനന്ദ് അതായിരുന്നു അവന്റെ പേര്. ആദ്യമൊക്കെ  ഒരു ബഹുമാനമായിരുന്നു ആനന്ദിന് പാറുവിനോട്. കണ്ണടവച്ചും അഴിച്ചിട്ട മുടി കുളിർപിന്നൽ കെട്ടിയും പാഠപുസ്തകം മാറോടണച്ചും ഉള്ള പാർവ്വതിയുടെ നടത്തം ആനന്ദ് ദൂരെനിന്ന് നോക്കിനിൽക്കാറുണ്ട്.   "അവളൊരു പുസ്‌തകപ്പുഴു  തന്നെ".   ഇടയ്ക്ക് കളിയായി ആനന്ദ് മനസ്സിൽ ഓർക്കാറുണ്ട്. ആ കാന്താരിയുടെ ഉള്ളിലിരുപ്പ് അറിയാൻ ആനന്ദ് പലവട്ടം ശ്രമിച്ചതാണ്. രേവതിയാണ് ഇരുവരുടെയും ഹംസം. ആനന്ദിനുവേണ്ടി രേവതി പലതവണ പാറുവിനോട് സംസാരിച്ചു. രേവതി ആനന്ദിന് അനുകൂലമായിരുന്നു . എന്നാൽ പാറു മൗനം അവലംബിച്ചു.

                       ഒരു ദിവസം രേവതി പറഞ്ഞു, ആനന്ദ് നിന്നെ കാത്ത് ലൈബ്രറിയിൽ  ഉണ്ട്. പാറു ലൈബ്രറിയിൽ എത്തിയപ്പോൾ തന്നെയും കാത്ത് നിൽക്കുന്ന രണ്ട് മിഴികൾ കണ്ടു. അവളുടെ കൺമഷി എഴുതിയ കണ്ണുകൾ ആനന്ദിന് ഏറെ ഇഷ്ടമാണ്. 

പാറു പറഞ്ഞു തുടങ്ങി, 

“ ആനന്ദ് , എനിക്ക് പ്രണയം ഇഷ്ടമാണ്. പക്ഷേ നിന്നെ പ്രണയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല . അക്ഷരങ്ങളെ , മഴയെ , പൂക്കളെ എല്ലാം എനിക്ക് പ്രണയമാണ് . എത്രനാൾ നീണ്ടുനിൽക്കും ഈ പ്രണയം... എല്ലാം നശ്വരമാണ് ആനന്ദ്... ഇപ്പോൾ നിനക്ക് എന്നോടുള്ളത് ഒരു ആരാധനയോ കൗതുകമോ ആയിരിക്കാം . പ്രണയമെന്നു വിളിച്ച് അതിന്റെ പവിത്രതയെ നീ തല്ലിക്കൊഴിക്കരുത്." 


ആനന്ദിന്റെ മറുപടിക്കുപോലും കാത്തുനിൽക്കാതെ പാറു നടന്നു മറഞ്ഞു . വാക്കുകൾ എന്ന മൂർച്ചയേറിയ വാളുകൊണ്ട് മുറിഞ്ഞു നിൽക്കുന്ന ഒരു മനുഷ്യനായി അപ്പോൾ ആനന്ദ്. അവന്റെ കണ്ണുകൾ നിറഞ്ഞു. 

“ പ്രണയം സത്യമല്ലേ, അവൾ അത് തിരിച്ചറിയുക തന്നെ ചെയ്യും.” ആനന്ദ് മനസ്സിൽ ഉരുവിട്ടു . 

കാലം ഓടിമറഞ്ഞു. കലാലയ ജീവിതം അവസാനിക്കാറായി. രേവതിയെ പിരിയാൻ പാറുവിന് ആവില്ലായിരുന്നു. 4 വർഷക്കാലം സ്വന്തം അച്ഛനമ്മമാരെക്കാൾ തന്നെ ഏറെ സ്നേഹിച്ച കൂട്ടുകാരിയാണല്ലോ അവൾ.

പക്ഷേ കാലചക്രം പിടിച്ചുനിർത്താൻ ആരാലും സാധ്യമല്ലലോ. ഇണക്കവും  പിണക്കവും കണ്ടുമുട്ടലുകളും വിരഹവും എല്ലാം അനിവാര്യമാണ്. കാലപ്രയാണത്തിൽ എല്ലാം ഒരു ഓർമ്മയായി മാറുകയും ചെയ്യും. നാട്ടിലെ തറവാട്ടിൽ തിരിച്ചെത്തിയ പാറു അസ്വസ്ഥയായിരുന്നു .

 മുത്തശ്ശി ചോദിച്ചു ,

 “ന്റെ പാറൂട്ടീടെ മുഖമെന്താ കടന്നലു കുത്തിയപോലെ? ” 

അവൾ ഒന്നുമില്ലെന്നു തലയാട്ടി. അവൾ കലാലയ ജീവിതത്തിന്റെ  ഓർമ്മയിലായിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളാണല്ലോ അവസാനിച്ചത്. പെട്ടെന്ന് ഉമ്മറപ്പടിയിലെ മേശമേൽ വച്ചിരുന്ന ഒരു കത്ത് അവളുടെ കണ്ണിലുടക്കി. 

അവൾ ഉറക്കെ ചോദിച്ചു , “ മുത്തശ്ശീ ഇത് ആരുടെ കത്താണ് ? അച്ഛന്റെ യാണോ ? "

“ അയ്യോ മോളേ , മുത്തശ്ശി മറന്നു. ഇത് നിനക്കുള്ള കത്താണ് . ” 

“ എനിക്കോ ?"

അവൾ കത്തു തുറന്ന്  വായിച്ചു. പരിചയമുള്ള കൈപ്പട , അതെ , തന്റെ ആനന്ദിന്റെ കത്താണത്. കത്തു വായിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 

പാറു ,

 “ ഇതു ഞാനാണ്. ആനന്ദ്. ഓർമയുണ്ടോ എന്നറിയില്ല. നിന്റെ വാക്കുകളാൽ കീറിമുറിയപ്പെട്ട ഞാൻ നിന്റെ ഒരു മറുപടിക്കായി കാത്തിരിക്കുകയായിരുന്നു ഇക്കാലമത്രയും. ഈ കത്തു കിട്ടുന്ന ഉടനെ നീ മറുപടി തരണം. ഇല്ലെങ്കിൽ എന്റെ അമ്മയുടെ ആഗ്രഹപ്രകാരം  എന്റെ മുറപ്പെണ്ണിനെ ഞാൻ വിവാഹം കഴിക്കേണ്ടിവരും. അമ്മ എല്ലാം നിശ്ചയിച്ചുറപ്പിച്ചുപോലെയാണ്. ഈ ചിങ്ങം 18 ന് കുടുംബക്ഷേത്രത്തിൽ വച്ചു നടത്താനാണ് തീരുമാനം. നിന്റെ മറുപടിക്കായി കാത്തിരിക്കുന്നു. 

സ്‌നേഹപൂർവ്വം ആനന്ദ് .

 അവൾ കലണ്ടറിലേക്കു നോക്കി. ഇന്ന് ചിങ്ങം 18. ഈ കത്ത് ഇവിടെ കിട്ടിയിട്ട് തന്റെ കണ്ണിൽ മാത്രം പെടാതെപോയല്ലോ. ഒരു ദിവസം... ഒരു ദിവസം മുന്നേ കിട്ടിയിരുന്നെങ്കിൽ. അവൾ നെഞ്ചുരുകി കരഞ്ഞു. വിടരും മുമ്പേ തല്ലിക്കൊഴിച്ചു തന്റെ പ്രണയമൊട്ടിനെ ഓർത്ത് അവളുടെ മനം ഇടറി.


മുറിയിലെ ഘടികാരം 1 മണി അടിച്ചു. ഓർമ്മകളിൽ നിന്ന് പാറു ഞെട്ടി ഉണർന്നു . മുറ്റത്ത് മഴ ഇപ്പോഴും ചാറുന്നുണ്ട്. നിശാഗന്ധിയുടെ മണം അവളുടെ മൂക്കിൽ തുളഞ്ഞുകയറി. നിലാവെളിച്ചത്തിൽ പെയ്യുന്ന മഴയെ പാറു കൗതുകത്തോടെ നോക്കിനിന്നു. അവൾ തിരിച്ചറിഞ്ഞു. ഞാൻ ഇന്നും പ്രണയിക്കുകയാണ് ഈ മഴയെ ... നടക്കില്ലെങ്കിലും വെറുതെ അവളോർത്തു. ഈ മഴ കാണാൻ ആനന്ദ്  തന്റെ  അരികിൽ ഉണ്ടായിരുന്നുവെങ്കിൽ...


Monday, July 5, 2021

എന്റെ കലാലയം



               കാലം പുതിയ കഥകൾ എഴുതുമ്പോൾ, ഞാൻ എന്നും എന്റെ മനസ്സോടു ചേർത്ത് പിടിക്കുന്ന, ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകളെ ഇവിടെ പൊടിതട്ടിയെടുക്കുന്നു. മറക്കാനാവാത്ത, വിരലിലെണ്ണാവുന്നതിനുമപ്പുറം  സുഹൃത്തുക്കളെ സമ്മാനിച്ച ജീവിതത്തിലെ ഏറ്റവും വിലപിടിച്ച നിമിഷങ്ങൾ പകർന്നു തന്ന എന്റെ കലാലയത്തെ ഞാൻ സ്മരിക്കുന്നു. സ്വപ്നങ്ങൾക്ക് നിറം പകർന്നു നൽകിയ നാലു വർഷക്കാലം... എല്ലാം ഒരു സ്വപ്നം പോലെയേ തോന്നുന്നുള്ളൂ. 


ആരോ തിരിക്കുന്ന കാലചക്രത്തിൽ പെട്ട് 4 വർഷം എത്ര പെട്ടെന്നാണ് ഓടിമറഞ്ഞത്. രക്തബന്ധങ്ങളേക്കാൾ ഏറെ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞ ചില സുഹൃദ്ബന്ധങ്ങൾ. 


     അവൾ അനന്യ. ഒരു തനി നാട്ടിൻപുറത്തുകാരി. അമ്മയുടെ സാരിത്തുമ്പിൽ പതുങ്ങിയിരിക്കുന്ന ഒരു കൊച്ചു സുന്ദരി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന് തലപുകഞ്ഞ് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് അവളെ തേടി ആ  വലിയ കോളേജിന്റെ ബ്രോഷർ എത്തിയത്.ആദ്യമൊക്കെ അവൾക്ക് മടിയായിരുന്നു. "അമ്മ എന്തായീ പറയണേ?  , ഇവിടം വിട്ട്, നിങ്ങളെ  എല്ലാരേം വിട്ട് ഞാൻ പട്ടണത്തിൽ പോയി പഠിക്കാനോ? നടക്കുന്ന കാര്യം വല്ലോം പറ.. ". അവൾ ശുണ്ഠി കൂടി. 

                 സ്കൂൾ വിട്ടു വന്ന് ബാഗും കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് പറമ്പിലേക്ക് ഓടി തന്റെ ആട്ടിൻകുട്ടിയോടും കിങ്ങിണി പൂച്ചയോടും അണ്ണാറക്കണ്ണനോടും ഒക്കെ വർത്തമാനം പറഞ്ഞ് , കളിച്ചു തിമർത്തിരുന്ന സായാഹ്നങ്ങളൊക്കെ വേണ്ടെന്നു വയ്ക്കാൻ അവൾക്കു പറ്റില്ലായിരുന്നു. അനിയൻ കളിയായിട്ട് അവളോട് പറയുമായിരുന്നു , "ഹോ നീ കൂടി പോയാൽ പിന്നെ ഞാൻ ഇവിടെ അടിച്ചുപൊളിക്കും" . അവൻ എറു കണ്ണിട്ട് അവളെ നോക്കി . അടുത്തു കണ്ടാൽ കീരിയും പാമ്പും  ആണെങ്കിലും  രണ്ടും മുടിഞ്ഞ് സ്നേഹ ത്തിലാണല്ലോ. അനിയൻകുട്ടന്മാരെ   വിട്ട് പോകാനാ അവൾക്ക് ഏറ്റവും മടി . അവസാനം എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അവൾ പോകാൻ തന്നെ തീരുമാനിച്ചു. 

                 ആദ്യമൊക്കെ  ഹൃദയം കുത്തി നോവിക്കുന്ന വേദനയായിരുന്നു . അടച്ചിട്ട ഹോസ്റ്റലിന്റെ നാലു ചുവരുകൾ അവൾക്ക് ഒരു തടവറ പോലെ തോന്നി . നാലു വർഷക്കാലം എങ്ങനെ ഇവിടെ കഴിച്ചുകൂട്ടും എന്ന് വേദനയോടെ അവൾ ഓർത്തു.

          കോളേജിലെ ആദ്യദിനം. എഞ്ചിനീയറിങ് കോളേജിലെ റാഗിങ് പരമ്പരയെക്കുറിച്ച് അവൾ ഏറെ വായിച്ചിട്ടുണ്ട് . കോളേജ് ബസ് വന്ന് അവളുടെ അരികിൽ നിർത്തി . അവൾ കേറി , വിൻഡോ സീറ്റിൽത്തന്നെ സ്ഥാനമുറപ്പിച്ചു. പേടിച്ചരണ്ട പൂച്ചകുഞ്ഞിനെപോലെ  ചുരുണ്ടുകൂടി അവൾ ഇരുന്നു . സീനിയർ ചേട്ടന്മാർ ജൂനിയർ പിള്ളേരെ  ഓരോരുത്തരെയായി പിറകിലേക്ക് വിളിക്കാൻ തുടങ്ങി. അനനന്യയുടെ ഊഴം എത്തി. പരിചയപ്പെടലിനുശേഷം പാട്ടു പാടാൻ അവളെ നിർബന്ധിച്ചു . പേടിച്ചരണ്ട് എന്തോ പാടി ഒപ്പിച്ചിട്ട് അവൾ തിരികെ വന്നു.

             ബസ് കോളേജ് ഗേറ്റ് കടന്ന് അകത്തെത്തി. അവൾ കണ്ണുതുറന്ന് അമ്പരന്ന് ചുറ്റും നോക്കി. അംബ രചുംബിയായ ഒരു വലിയ കെട്ടിടം . കോളേജിന്റെ മുൻപിൽ നിരനിരയായി പാർക്കു ചെയ്തിരിക്കുന്ന ബസുകൾ, വലിയ പൂന്തോട്ടം ... യൂണിഫോം ഇട്ടതും കളർ ഡ്രസ്സ്‌  ഇട്ടതുമായ കുറേ കുട്ടികൾ അവിടെയുണ്ട് . ഈ ഒരു അന്തരീക്ഷം കണ്ടപ്പോൾ അവൾക്ക് തെല്ലൊരു ആശ്വാസം തോന്നി. ബസ് ഇറങ്ങി അവൾ വലിയ ഒരു ഹാളിലേക്ക് എല്ലാവരുടേയും ഒപ്പം നടന്നു. 

                  അന്ന് പരിചയപ്പെട്ട രണ്ട് കൂട്ടുകാ രായിരുന്നു റിൻസിയയും മരിയയും . മൂന്നുപേരും പിന്നീട് ഇണ  പിരിയാത്ത  സുഹൃത്തുക്കളായി മാറി. തുടക്കത്തിലെ മന്ദഗതിയൊക്കെ മാറി ക്ലാസുകൾ നല്ലരീതിയിൽ പുരോഗമിച്ചു . സെമിനാർ, പ്രൊജക്റ്റ്‌,  റെക്കോർഡ്, അസൈൻമെന്റ് , ലാബ് , വൈവ , ഇന്റേണൽസ് അങ്ങനെ  അങ്ങനെ... 

             പതിയെ പതിയെ എല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാകുന്നത് അവൾ തിരിച്ചറിഞ്ഞു . ഇടവേളകളിൽ കലാലയത്തിലുടെയുള്ള കറങ്ങിനടക്കലും , ടീച്ചർ പഠിപ്പി ക്കുമ്പോൾ ഉള്ള അസൈൻമെന്റ് എഴുത്തും , ക്ലാസ് കട്ട് ചെയ്ത് കാന്റീനിൽ പോയി ഇരിക്കലും എല്ലാം അവൾ ആസ്വദിക്കുകയായിരുന്നു . പ്രണയത്തിന്റെ ദിനങ്ങൾ സമ്മാനിച്ച ചുവരുകൾ, പകരം വയ്ക്കാനില്ലാത്ത സൗഹൃദങ്ങൾ , സ്റ്റേജുകളെ തകർത്തു മറിച്ച് ആർട്സ് ഡേകൾ , കൂട്ടുകാരുടെ ചോറു പാത്രത്തിൽ കയ്യിട്ടു വാരുന്ന സ്വാദിഷ്ടമായ ഉച്ചയൂണുകൾ , അങ്ങനെ അങ്ങനെ ... 


             ഉച്ചക്കത്തെ  ഇടവേളകളിൽ പാട്ടുപാടി 'വെറുപ്പിക്കുന്ന' ഐഷുവും , ഒന്നു കണ്ണുതെറ്റിയാൽ കയ്യിൽ കുത്തിവരയ്ക്കുന്ന സുമിയും , ബാക്ക് ബെഞ്ചിൽ ഓളം വെയ്ക്കുന്ന എബിനും വിവേകും ആൽഫ്രഡും , എന്തിനും ഏതിനും സംശയം ചോദിക്കുന്ന രാഹുലും, മിണ്ടാതെ ഒരു മൂലയിൽ  ഇരി ക്കുന്ന ജേക്കബും സ്റ്റെറിനും (2 പേരും പഠിപ്പികളാണല്ലോ) , 'കോഡിങ്' ശരണം  എന്നുപറയുന്ന ടോമും റോഹനും, ക്ലാസ്സിലെ ഒഫീഷ്യൽ ട്രോളന്മാരായ ഡൂളിയും (Donal),  തൊട്ടടുത്ത ഹോസ്റ്റലിൽ  ആയിട്ടും എന്നും ഒരു പിരിയഡ് താമസിച്ചെത്തുന്ന ആരതിയും ഷാരനും , ഗാനകോകിലങ്ങളായ റിൻസിയും മരിയയും നേഹയും,  ക്ലാസിലെ ഒരേയൊരു ഉമ്മച്ചിക്കുട്ടി നൗറിനും,  'കൗണ്ടർ റാണി' ഗായത്രിയും,  'റാപ് ഗായകൻ' ജിബിനും, എല്ലാവർഷവും നന്നാകും എന്ന് ദൃഢപ്രതിജ്ഞ എടുക്കാറുള്ള ഗ്രീഷ്മയും (പ്രതിജ്ഞ മാത്രമേ ഒള്ളൂ കേട്ടോ) ചാളമേരി അലീനയും, ക്ലാസിലെ ഫോട്ടോ സ്റ്റാറ്റിന്റെ ഹോൾസെയിലറായ കിരണും , മാവേലിമാരായ ഒമറും അരവിന്ദും,  ക്ലാസിലെ ഏറ്റവും ഇളയ ആൾ , ഞങ്ങളുടെ വാവ രാകേഷും , ഫോട്ടോഗ്രാഫറായ ലിൻഡയും,  കൂട്ടുകാരുടെ എല്ലാം കളിയാക്കലുകൾ ഏറ്റുവാങ്ങുന്ന മെലിൻഡയും , 'എന്തിനും ഏതിനും  മാമച്ചൻ' എന്നു പറയും പോലെ ബ്രിട്ടോയും അങ്ങനെ എല്ലാം കൂടിയ  ഒരു സ്വർഗ്ഗമായിരുന്നു അവളുടെ ബാച്ച് .

പതുങ്ങിയിരുന്ന അവളുടെ സ്വഭാവം ഒക്കെ മാറി,  അല്ല കൂട്ടുകാർ മാറ്റി എന്നു വേണം പറയാൻ. അക്ഷരങ്ങളെ മാത്രം  പ്രണയിച്ച അവളെ സൗഹ്യദം എന്താണെന്ന് പഠിപ്പിച്ചത്  ഈ  32 പേരും ചേർന്നാണ് ഒരുപാട് സന്തോഷിച്ചിരുന്ന നാളുകൾ... ആദ്യമൊക്കെ വീട്ടിൽ നിന്ന് മാറി നിൽക്കാൻ മടിയായ അവൾക്ക് ഇപ്പോൾ ഈ കലാലയം വിട്ട് പോകാൻ മടിയാണ്.  

ഓർമകൾക്ക് താജ്മഹലിനേക്കാൾ സൗന്ദര്യമുള്ള ആ കെട്ടിടത്തിനോട്...

കളികൾക്കപ്പുറം കാര്യമുണ്ടെന്നു പഠിപ്പിച്ച് അദ്ധ്യാപകരോട്...

കാലം നൽകിയ ആ സൗഹൃദവലയത്തോട് ...

ബന്ധങ്ങളുടെ കൂടിച്ചേരലിന് സാക്ഷ്യം വഹിച്ച ആ ക്ലാസ് മുറിയോട്...

പിതാമഹന്  തുല്യനായ മാനേജറച്ചനോട്...

                     

                       അങ്ങനെ എല്ലാ കാര്യങ്ങളും അവളുടെ  ഹൃദയത്തിലൂടെ കടന്നു പോയി . ക്ലാസിലെ ജനാലയ്ക്കരികിൽ നിന്ന് പുറത്തേക്ക് നോക്കിനിന്ന അവളുടെ മുടിയിഴകളെ ഒരു മന്ദമാരുതൻ തഴുകി കടന്നുപോയി . അവൾ ആഗ്രഹിച്ചു, ഒരിക്കൽക്കൂടി കഴിഞ്ഞ നാളുകൾ തിരിച്ചുകിട്ടിയിരുന്നെങ്കിലെന്ന്...കാലചക്രം അതിനനുവദിക്കാതെ മുന്നോട്ടുള്ള അതിന്റെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു. ഒപ്പം  അവളും... 

Sunday, July 4, 2021

മഴ

 മുറ്റത്ത്‌ മഴ  തകർത്ത് പെയ്യുകയാണ്. മഴയ്ക്ക്  അകമ്പടിയായി മേഘം  മിന്നൽ  പിണർ കൊണ്ട് ചെറുചിത്രങ്ങളും വരയ്ക്കുന്നുണ്ട്. ഇതെല്ലാം കണ്ടുകൊണ്ട് അവൾ തന്റെ  ജനാലയ്ക്കരികിൽ ഇരുന്നു. 

മഴ... പണ്ടേ അവൾക്ക് ഒരുപാട്  ഇഷ്ടമാണ് . ഓർമ്മകൾ കൊണ്ട് മനസ്സിൽ അവൾ  ഒരു  കൊട്ടാരം  തന്നെ  പണിയും . ഓരോ  മഴയും അവളുടെ  ഉള്ളിൽ നനവോതുന്ന ഓർമ്മകൾ ആണ്. 

ആകാശത്തിനു ഭൂമിയോടുള്ള പ്രണയം ആണോ ഈ  മഴ?  കള്ളച്ചിരിയോടെ മെല്ലെ  അവൾ  ചോദിച്ചു. പ്രണയം തന്നെ. മൈലുകൾ അകലെയാണെങ്കിലും ഒന്നാകാനുള്ള വെമ്പലാണ് ആകാശo മഴയായ് പൊഴിക്കുന്നത്. 

അവളുടെ  പ്രണയം  മഴയോടായിരുന്നു. കാരണം  ഓരോ  മഴയും  അവളുടെ ബാല്യകാലത്തിലേക്കുള്ള ഒരു  എത്തിനോട്ടം കൂടി  ആയിരുന്നു. ജൂൺ  മാസത്തിലെ  തകർത്തുപെയ്യുന്ന മഴയുടെ  അകമ്പടിയോട് കൂടിയായിരുന്നു അവളുടെ  ഓരോ  സ്കൂൾ  ദിനവും കടന്ന്  പോയിരുന്നത്. അപ്പ മേടിച്ച് തന്ന പുത്തൻ ഉടുപ്പും ഇട്ട് ബാഗും തോളിൽ  തൂക്കി, കുടയും  ചൂടി രാജകുമാരിയെപോലെ ഒരു യാത്രയുണ്ട് സ്കൂളിലേക്ക്. 




കൂട്ടുകാരും  പുത്തൻ  ഉടുപ്പിൽ  ആയിരിക്കും. താറാക്കൂട്ടം പോകുന്ന പോലെ തോടും  വയലും  ഒക്കെ കടന്ന്  വേണം ആ കൊച്ചുയാത്ര സ്കൂളിൽ  എത്താൻ.തോട്ടിലെ  മീനുകളുടെ കണക്കെടുത്തും വെള്ളാരം  കല്ലുകൾ പെറുക്കിയും ചെളിവെള്ളം തെറിപ്പിച്ചുo  ഒക്കെയാണ്  കുട്ടിക്കൂട്ടം പതിയെ സ്കൂളിൽ എത്തിയിരുന്നുള്ളു. 

ക്ലാസ്സിൽ ചെലപ്പോ പുതിയ  കൂട്ടുകാരും വന്നിട്ടുണ്ടാവും. സ്കൂളിൽ പോകാൻ അവൾക്ക് നല്ല  ഉത്സാഹമാണ്,  പ്രതേകിച്ചു മഴക്കാലത്ത്. സ്കൂളിൽ എത്തുമ്പോഴേക്കും അവളുടെ  പുത്തൻ  പാവാട വെള്ളത്തിൽ നനഞ്ഞു കുതിർന്നിട്ടുണ്ടാവും. 

ക്ലാസ്സിൽ ചാക്കോ  മാഷ്  ആണ്. അവൾക്ക്  ഏറെ  പേടിയുള്ള  അവളുടെ 'പരിസര  പഠനം' മാഷാണ്  ചാക്കോ മാഷ്. വെള്ളമുണ്ടും വെള്ള ഷർട്ടും ആണ് സാറിന്റെ  സ്ഥിരം  വേഷം.കയ്യിൽ  ചൂരലും മറുകയ്യിൽ 'പരിസര പഠനം' ബുക്കുമായി സാർ ക്ലാസ്സിലേക്ക് വരുമ്പോൾ തന്നെ കുട്ടിക്കൂട്ടം നിശബ്ദമാവും. വന്നയുടൻ തലേദിവസം പഠിപ്പിച്ച കാര്യങ്ങൾ റിവിഷൻ ചെയ്യുക മാഷിന് നിർബന്ധമാണ്. എത്ര  നന്നായി പഠിച്ചാലും പെട്ടെന്ന് സാർ ചോദിക്കുമ്പോ ഉത്തരം  കിട്ടാതെ  കുട്ടികൾ  കുഴങ്ങും. 

സാർ ഹാജർ  എടുക്കുകയാണ്. മഴയും  തകർത്തു പെയ്യുന്നുണ്ട്. തിമിർത്തു  പെയ്യുന്ന  മഴയിൽ സാർ ന്റെ ശബ്ദവും  മുങ്ങിപോകുന്നുണ്ട്. ഹാജർ ബുക്ക്‌ അടച്ചു. അടുത്തത് 'ചോദ്യോത്തരവേള' ആണ്. എല്ലാരും  പേടിച്ചു 'എന്നെ  വിളിക്കരുതേ' എന്ന് മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് തലയും  കുമ്പിട്ടിരുപ്പാണ്. 

നമ്മുടെ കഥാനായിക ഈ പ്രാവശ്യം ഇത്തിരി ധൈര്യത്തിലാണ്. കാരണം പാഠങ്ങൾ എല്ലാം മനഃപാഠമാക്കിയാണ് അവൾ  വന്നിരിക്കുന്നത്. ആദ്യത്തെ  ചോദ്യം  അവളോട്  തന്നെ. 

"സൂര്യൻ ഉദിക്കുന്നത് എവിടെ ? "സാറിന്റെ ചോദ്യം. 

അവൾ  ബെഞ്ചിൽനിന്ന് ചാടി എഴുന്നേറ്റു. 

"സൂ  സൂ  സൂര്യൻ... " അവൾ  വിക്കി. 

'ദൈവമേ  രാവിലെ പഠിച്ചതാണല്ലോ.അമ്മയെ  പറഞ്ഞുകേൾപ്പിച്ചതാണല്ലോ.' തകർത്ത്  പെയ്യുന്ന മഴയിൽ അവൾ  നിന്ന് വിയർക്കാൻ തുടങ്ങി. 'കിഴക്കാണോ പടിഞ്ഞാറാണോ?'വൈകുന്നേരം അപ്പയുടെ കൂടെ  സൂര്യാസ്‌തമയം കാണാൻ പാറമുകളിൽ പോകുന്നത് അവൾ  ഓർത്തു. 

രണ്ടാമതും സാർ ചോദ്യം ആവർത്തിച്ചു. ഇനി  പന്തിയല്ല എന്തെങ്കിലും ഒന്ന്  ഉറപ്പിച്ചേ പറ്റുള്ളൂ. രണ്ടും  കല്പിച്ചു അവൾ സ്വരം  താഴ്ത്തി പറഞ്ഞു... "പ... പ... പടിഞ്ഞാറ് ".

"ഹ  ഹ  മിടുക്കി ". സാർ  ചിരിച്ചു. സാർ  അവളെ മുൻപോട്ട് വിളിച്ചു. ഉത്തരം ശരിയാണല്ലോന്ന് ഓർത്ത് തെല്ല് ഒരു  അഹങ്കാരത്തോടെ അവൾ മുൻപോട്ട്  നടന്നു. 

'ടപ്പേ...'

വലിയ  ഒരു ഇടി  അവളുടെ  നടുവിൽ  വെട്ടിയപോലെ  തോന്നി. ഇടിയല്ല ചാക്കോ  മാഷിന്റെ ചൂരലാണ് തന്റെ  പുറത്തു വീണതെന്ന് അവൾ  തിരിച്ചറിഞ്ഞു. ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി. എന്താ സംഭവിച്ചതെന്ന് മനസിലാവാതെ  അവൾ  വിങ്ങി  പൊട്ടി. 

"സൂര്യൻ എവിടെയാ  ഉദിക്കുന്നതെന്നു  ഇപ്പോ  മനസ്സിലായോ" :സാർ ദേഷ്യത്തോടെ ചോദിച്ചു. അവൾക്ക്  പറ്റിയ  അമളി  ഓർത്ത് അവൾ  തിരികെ  ബെഞ്ചിൽ  വന്നിരുന്നു.

'ടപ്പേ... '

ഈ പ്രാവശ്യം അടിച്ചത്  ചാക്കോ  മാഷല്ല. അവളുടെ  അമ്മയാണ്. മഴ  പെയ്യും  തുണി  പെറുക്കി വയ്ക്കണം  എന്ന്  പറഞ്ഞാണ്  അമ്മ  കുളിക്കാൻ  പോയത്. തകർത്തു  പെയ്യുന്ന മഴയിൽ  അവൾ  ജനാലയ്ക്കരികിൽ ഇരുന്ന്  ഓർമകളിൽ  മുഴുകിപ്പോയത് അമ്മയുണ്ടോ അറിയുന്നു. 

അവൾ  പുറത്തേക്കുനോക്കി.പഴയ  സ്കൂൾ കാലത്തിലേക്ക് അവളെ  ഊളിയിട്ടിറങ്ങാൻ സഹായിച്ച മഴയോട് അവൾക്ക് എന്തെന്നില്ലാത്ത ഒരു  അടുപ്പം തോന്നി.  മുറ്റത്തെ  ചരലിൽ  ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കി നിന്ന് അവൾ  ഭാവനയുടെ മറ്റൊരു  ലോകത്തിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു...