Pages

▼

kadhakal /കഥകൾ

▼

Monday, July 5, 2021

എന്റെ കലാലയം



               കാലം പുതിയ കഥകൾ എഴുതുമ്പോൾ, ഞാൻ എന്നും എന്റെ മനസ്സോടു ചേർത്ത് പിടിക്കുന്ന, ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകളെ ഇവിടെ പൊടിതട്ടിയെടുക്കുന്നു. മറക്കാനാവാത്ത, വിരലിലെണ്ണാവുന്നതിനുമപ്പുറം  സുഹൃത്തുക്കളെ സമ്മാനിച്ച ജീവിതത്തിലെ ഏറ്റവും വിലപിടിച്ച നിമിഷങ്ങൾ പകർന്നു തന്ന എന്റെ കലാലയത്തെ ഞാൻ സ്മരിക്കുന്നു. സ്വപ്നങ്ങൾക്ക് നിറം പകർന്നു നൽകിയ നാലു വർഷക്കാലം... എല്ലാം ഒരു സ്വപ്നം പോലെയേ തോന്നുന്നുള്ളൂ. 


ആരോ തിരിക്കുന്ന കാലചക്രത്തിൽ പെട്ട് 4 വർഷം എത്ര പെട്ടെന്നാണ് ഓടിമറഞ്ഞത്. രക്തബന്ധങ്ങളേക്കാൾ ഏറെ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞ ചില സുഹൃദ്ബന്ധങ്ങൾ. 


     അവൾ അനന്യ. ഒരു തനി നാട്ടിൻപുറത്തുകാരി. അമ്മയുടെ സാരിത്തുമ്പിൽ പതുങ്ങിയിരിക്കുന്ന ഒരു കൊച്ചു സുന്ദരി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന് തലപുകഞ്ഞ് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് അവളെ തേടി ആ  വലിയ കോളേജിന്റെ ബ്രോഷർ എത്തിയത്.ആദ്യമൊക്കെ അവൾക്ക് മടിയായിരുന്നു. "അമ്മ എന്തായീ പറയണേ?  , ഇവിടം വിട്ട്, നിങ്ങളെ  എല്ലാരേം വിട്ട് ഞാൻ പട്ടണത്തിൽ പോയി പഠിക്കാനോ? നടക്കുന്ന കാര്യം വല്ലോം പറ.. ". അവൾ ശുണ്ഠി കൂടി. 

                 സ്കൂൾ വിട്ടു വന്ന് ബാഗും കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് പറമ്പിലേക്ക് ഓടി തന്റെ ആട്ടിൻകുട്ടിയോടും കിങ്ങിണി പൂച്ചയോടും അണ്ണാറക്കണ്ണനോടും ഒക്കെ വർത്തമാനം പറഞ്ഞ് , കളിച്ചു തിമർത്തിരുന്ന സായാഹ്നങ്ങളൊക്കെ വേണ്ടെന്നു വയ്ക്കാൻ അവൾക്കു പറ്റില്ലായിരുന്നു. അനിയൻ കളിയായിട്ട് അവളോട് പറയുമായിരുന്നു , "ഹോ നീ കൂടി പോയാൽ പിന്നെ ഞാൻ ഇവിടെ അടിച്ചുപൊളിക്കും" . അവൻ എറു കണ്ണിട്ട് അവളെ നോക്കി . അടുത്തു കണ്ടാൽ കീരിയും പാമ്പും  ആണെങ്കിലും  രണ്ടും മുടിഞ്ഞ് സ്നേഹ ത്തിലാണല്ലോ. അനിയൻകുട്ടന്മാരെ   വിട്ട് പോകാനാ അവൾക്ക് ഏറ്റവും മടി . അവസാനം എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അവൾ പോകാൻ തന്നെ തീരുമാനിച്ചു. 

                 ആദ്യമൊക്കെ  ഹൃദയം കുത്തി നോവിക്കുന്ന വേദനയായിരുന്നു . അടച്ചിട്ട ഹോസ്റ്റലിന്റെ നാലു ചുവരുകൾ അവൾക്ക് ഒരു തടവറ പോലെ തോന്നി . നാലു വർഷക്കാലം എങ്ങനെ ഇവിടെ കഴിച്ചുകൂട്ടും എന്ന് വേദനയോടെ അവൾ ഓർത്തു.

          കോളേജിലെ ആദ്യദിനം. എഞ്ചിനീയറിങ് കോളേജിലെ റാഗിങ് പരമ്പരയെക്കുറിച്ച് അവൾ ഏറെ വായിച്ചിട്ടുണ്ട് . കോളേജ് ബസ് വന്ന് അവളുടെ അരികിൽ നിർത്തി . അവൾ കേറി , വിൻഡോ സീറ്റിൽത്തന്നെ സ്ഥാനമുറപ്പിച്ചു. പേടിച്ചരണ്ട പൂച്ചകുഞ്ഞിനെപോലെ  ചുരുണ്ടുകൂടി അവൾ ഇരുന്നു . സീനിയർ ചേട്ടന്മാർ ജൂനിയർ പിള്ളേരെ  ഓരോരുത്തരെയായി പിറകിലേക്ക് വിളിക്കാൻ തുടങ്ങി. അനനന്യയുടെ ഊഴം എത്തി. പരിചയപ്പെടലിനുശേഷം പാട്ടു പാടാൻ അവളെ നിർബന്ധിച്ചു . പേടിച്ചരണ്ട് എന്തോ പാടി ഒപ്പിച്ചിട്ട് അവൾ തിരികെ വന്നു.

             ബസ് കോളേജ് ഗേറ്റ് കടന്ന് അകത്തെത്തി. അവൾ കണ്ണുതുറന്ന് അമ്പരന്ന് ചുറ്റും നോക്കി. അംബ രചുംബിയായ ഒരു വലിയ കെട്ടിടം . കോളേജിന്റെ മുൻപിൽ നിരനിരയായി പാർക്കു ചെയ്തിരിക്കുന്ന ബസുകൾ, വലിയ പൂന്തോട്ടം ... യൂണിഫോം ഇട്ടതും കളർ ഡ്രസ്സ്‌  ഇട്ടതുമായ കുറേ കുട്ടികൾ അവിടെയുണ്ട് . ഈ ഒരു അന്തരീക്ഷം കണ്ടപ്പോൾ അവൾക്ക് തെല്ലൊരു ആശ്വാസം തോന്നി. ബസ് ഇറങ്ങി അവൾ വലിയ ഒരു ഹാളിലേക്ക് എല്ലാവരുടേയും ഒപ്പം നടന്നു. 

                  അന്ന് പരിചയപ്പെട്ട രണ്ട് കൂട്ടുകാ രായിരുന്നു റിൻസിയയും മരിയയും . മൂന്നുപേരും പിന്നീട് ഇണ  പിരിയാത്ത  സുഹൃത്തുക്കളായി മാറി. തുടക്കത്തിലെ മന്ദഗതിയൊക്കെ മാറി ക്ലാസുകൾ നല്ലരീതിയിൽ പുരോഗമിച്ചു . സെമിനാർ, പ്രൊജക്റ്റ്‌,  റെക്കോർഡ്, അസൈൻമെന്റ് , ലാബ് , വൈവ , ഇന്റേണൽസ് അങ്ങനെ  അങ്ങനെ... 

             പതിയെ പതിയെ എല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാകുന്നത് അവൾ തിരിച്ചറിഞ്ഞു . ഇടവേളകളിൽ കലാലയത്തിലുടെയുള്ള കറങ്ങിനടക്കലും , ടീച്ചർ പഠിപ്പി ക്കുമ്പോൾ ഉള്ള അസൈൻമെന്റ് എഴുത്തും , ക്ലാസ് കട്ട് ചെയ്ത് കാന്റീനിൽ പോയി ഇരിക്കലും എല്ലാം അവൾ ആസ്വദിക്കുകയായിരുന്നു . പ്രണയത്തിന്റെ ദിനങ്ങൾ സമ്മാനിച്ച ചുവരുകൾ, പകരം വയ്ക്കാനില്ലാത്ത സൗഹൃദങ്ങൾ , സ്റ്റേജുകളെ തകർത്തു മറിച്ച് ആർട്സ് ഡേകൾ , കൂട്ടുകാരുടെ ചോറു പാത്രത്തിൽ കയ്യിട്ടു വാരുന്ന സ്വാദിഷ്ടമായ ഉച്ചയൂണുകൾ , അങ്ങനെ അങ്ങനെ ... 


             ഉച്ചക്കത്തെ  ഇടവേളകളിൽ പാട്ടുപാടി 'വെറുപ്പിക്കുന്ന' ഐഷുവും , ഒന്നു കണ്ണുതെറ്റിയാൽ കയ്യിൽ കുത്തിവരയ്ക്കുന്ന സുമിയും , ബാക്ക് ബെഞ്ചിൽ ഓളം വെയ്ക്കുന്ന എബിനും വിവേകും ആൽഫ്രഡും , എന്തിനും ഏതിനും സംശയം ചോദിക്കുന്ന രാഹുലും, മിണ്ടാതെ ഒരു മൂലയിൽ  ഇരി ക്കുന്ന ജേക്കബും സ്റ്റെറിനും (2 പേരും പഠിപ്പികളാണല്ലോ) , 'കോഡിങ്' ശരണം  എന്നുപറയുന്ന ടോമും റോഹനും, ക്ലാസ്സിലെ ഒഫീഷ്യൽ ട്രോളന്മാരായ ഡൂളിയും (Donal),  തൊട്ടടുത്ത ഹോസ്റ്റലിൽ  ആയിട്ടും എന്നും ഒരു പിരിയഡ് താമസിച്ചെത്തുന്ന ആരതിയും ഷാരനും , ഗാനകോകിലങ്ങളായ റിൻസിയും മരിയയും നേഹയും,  ക്ലാസിലെ ഒരേയൊരു ഉമ്മച്ചിക്കുട്ടി നൗറിനും,  'കൗണ്ടർ റാണി' ഗായത്രിയും,  'റാപ് ഗായകൻ' ജിബിനും, എല്ലാവർഷവും നന്നാകും എന്ന് ദൃഢപ്രതിജ്ഞ എടുക്കാറുള്ള ഗ്രീഷ്മയും (പ്രതിജ്ഞ മാത്രമേ ഒള്ളൂ കേട്ടോ) ചാളമേരി അലീനയും, ക്ലാസിലെ ഫോട്ടോ സ്റ്റാറ്റിന്റെ ഹോൾസെയിലറായ കിരണും , മാവേലിമാരായ ഒമറും അരവിന്ദും,  ക്ലാസിലെ ഏറ്റവും ഇളയ ആൾ , ഞങ്ങളുടെ വാവ രാകേഷും , ഫോട്ടോഗ്രാഫറായ ലിൻഡയും,  കൂട്ടുകാരുടെ എല്ലാം കളിയാക്കലുകൾ ഏറ്റുവാങ്ങുന്ന മെലിൻഡയും , 'എന്തിനും ഏതിനും  മാമച്ചൻ' എന്നു പറയും പോലെ ബ്രിട്ടോയും അങ്ങനെ എല്ലാം കൂടിയ  ഒരു സ്വർഗ്ഗമായിരുന്നു അവളുടെ ബാച്ച് .

പതുങ്ങിയിരുന്ന അവളുടെ സ്വഭാവം ഒക്കെ മാറി,  അല്ല കൂട്ടുകാർ മാറ്റി എന്നു വേണം പറയാൻ. അക്ഷരങ്ങളെ മാത്രം  പ്രണയിച്ച അവളെ സൗഹ്യദം എന്താണെന്ന് പഠിപ്പിച്ചത്  ഈ  32 പേരും ചേർന്നാണ് ഒരുപാട് സന്തോഷിച്ചിരുന്ന നാളുകൾ... ആദ്യമൊക്കെ വീട്ടിൽ നിന്ന് മാറി നിൽക്കാൻ മടിയായ അവൾക്ക് ഇപ്പോൾ ഈ കലാലയം വിട്ട് പോകാൻ മടിയാണ്.  

ഓർമകൾക്ക് താജ്മഹലിനേക്കാൾ സൗന്ദര്യമുള്ള ആ കെട്ടിടത്തിനോട്...

കളികൾക്കപ്പുറം കാര്യമുണ്ടെന്നു പഠിപ്പിച്ച് അദ്ധ്യാപകരോട്...

കാലം നൽകിയ ആ സൗഹൃദവലയത്തോട് ...

ബന്ധങ്ങളുടെ കൂടിച്ചേരലിന് സാക്ഷ്യം വഹിച്ച ആ ക്ലാസ് മുറിയോട്...

പിതാമഹന്  തുല്യനായ മാനേജറച്ചനോട്...

                     

                       അങ്ങനെ എല്ലാ കാര്യങ്ങളും അവളുടെ  ഹൃദയത്തിലൂടെ കടന്നു പോയി . ക്ലാസിലെ ജനാലയ്ക്കരികിൽ നിന്ന് പുറത്തേക്ക് നോക്കിനിന്ന അവളുടെ മുടിയിഴകളെ ഒരു മന്ദമാരുതൻ തഴുകി കടന്നുപോയി . അവൾ ആഗ്രഹിച്ചു, ഒരിക്കൽക്കൂടി കഴിഞ്ഞ നാളുകൾ തിരിച്ചുകിട്ടിയിരുന്നെങ്കിലെന്ന്...കാലചക്രം അതിനനുവദിക്കാതെ മുന്നോട്ടുള്ള അതിന്റെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു. ഒപ്പം  അവളും... 

10 comments: