Pages

Tuesday, June 27, 2023

വിരഹം

പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ട്. മഴപോലെ തന്നെ ആണ് പ്രണയവും വിരഹവും.


നിനച്ചിരിക്കാത്ത നേരത്ത് നിറഞ്ഞു പെയ്തു ആകെ നനച്ചു കടന്നു പോകും. ചിലപ്പോൾ പെയ്തു പെയ്തു തിരികെ മടങ്ങാൻ മടി ആയി അങ്ങനെ നിൽക്കും. ചിലപ്പോൾ പേമാരി പോലെ എല്ലാം നശിപ്പിച്ചു കളയും

ബാല്യം

തെറ്റി ഇട്ട ഷർട്ടിന്റെ കുടുക്ക് ഒന്ന് ഇടാൻ പോലും നേരം ഇല്ലാതെ, സേഫ്റ്റി പിന്ന് കുത്തിയ ഹവായും ഇട്ടു ഓടുമ്പോൾ പൊട്ടാറായ ബാഗിന്റെ ഇടത്തെ വള്ളിക്ക്  തോൾ അല്പം ചരിഞ്ഞു കൊടുത്തിരുന്നു. കുട്ടികൾ ഒഴിഞ്ഞ വരാന്തയിലൂടെ ഓടുമ്പോൾ ചാക്കോ മാഷിന്റെ  ചൂരൽ ആയിരുന്നു ഉള്ള് മുഴുവൻ.. പകൽ കിനാവുകൾ ഇല്ലാതാക്കിയ സലോമി ടീച്ചറിന്റെ  ചോക്ക് കഷണവും, മഷി ഊതി കുമള വരുത്തിയ നിബ് മാറ്റി പേനകളും, കൊമ്പസ്‌കൊണ്ട് കോറിയിട്ട ഡെസ്കിലെ ഇഷ്ടങ്ങളും, തുള വീണ നീളം കുടയും, ചെരുപ്പ് ഊറി കൈയിൽ ഇട്ട് ഓടുമ്പോൾ കിട്ടുന്ന ശക്തിയും ഒക്കെ അന്ന് സ്കൂളിൽ പെയ്ത മഴ പോലെ ഇന്നും കുളിരോർമയാണ്.

പത്തു രൂപ ഇല്ലാഞ്ഞിട്ട് നഷ്ടമായ ആ ക്ലാസ് ഫോട്ടോയിലെ ആ  കൂട്ടുകാരും , അധ്യാപകരും,കഞ്ഞി പുരയിലെ സരോജിനി ചേച്ചിയും, ഒക്കെ ഇനി ഇത്ര ഗെറ്റ് ടുഗെതർ നടത്തി സെൽഫി എടുത്താലും കിട്ടില്ല. എന്റെ ബാല്യകാല സുഹൃത്തുക്കൾ എന്നതിൽ നിന്നും അവർ ഇപ്പോ ആരെല്ലാമോ ആയിരിക്കുന്നു...

അപരിചിതർ

അയാൾ അല്ലേ അത്?!

ജട കെട്ടിയ മുടിയിഴകൾ. മുട്ടറ്റം കൈ ചുരുട്ടി വച്ചിരിക്കുന്ന നീളൻ ജുബ്ബ.

പതിവുള്ള അവളുടെ സായാഹ്ന സവാരിക്കിടയിലെ ഒരു അപ്രതീക്ഷിത കൂടി കാഴ്ച്ച!

ഓർക്കുന്നുണ്ടോ എന്നെ? - അവൾ ആകാംഷയോടെ തിരക്കി.

മറന്നിട്ടുവേണ്ടെടോ ഓർക്കാൻ!? - അയാൾ മനസ്സിൽ മന്ത്രിച്ചു.

"ഭാര്യയുടെ ആണ്ടായിരുന്നു. 5 വർഷം ആയി പോയിട്ട്. താൻ ഇപ്പോ എന്ത് ചെയ്യുന്നു?"
"കോളേജ് സമയത്തെ ആ വട്ട് തന്നെ. എഴുത്തും കുത്തും. നാളെ ടൌൺ ഹാളിൽ വച്ചു എന്റെ ആദ്യ പുസ്തകം പ്രകാശനം ആണ്"

"ആഹ്. കൊള്ളാലോ. ഞാൻ പോട്ടെ. സന്ധ്യ ആയി. മോൾ വീട്ടിൽ ഒറ്റക്കാണ്."- അയാൾ നടന്നകന്നു.

നടന്നകലുന്ന അയാളെ നിറകണ്ണുകളോടെ നോക്കി നിൽക്കാനെ അവൾക്ക് സാധിക്കുമായിരുന്നുള്ളൂ.

എത്ര പെട്ടെന്നാണ് ഞങ്ങൾ അപരിചിതർ ആയി മാറിയത്. പരസ്പരം അടുത്തറിയുന്ന 'അപരിചിതർ '!


നമ്മളെന്തേ കണ്ടു മുട്ടാൻ ഇത്ര വൈകി? എന്ന ചോദ്യത്തിൽ നിന്ന്, നാം കണ്ടുമുട്ടേണ്ടിയിരുന്നില്ല എന്ന ഉത്തരം കൂടി സമ്മാനിച്ചു കാലം!.

Tuesday, June 6, 2023

മഴയോർമ

"മോളെ.. എന്തൊരു ഉറക്കമാ ഇത്. സ്കൂളിൽ പോണ്ടേ? എണീറ്റെ.."

രാവിലെ തന്നെ അമ്മയുടെ അടുക്കളയിൽ നിന്നുള്ള വിളി കേട്ടാണ് അമ്മുക്കുട്ടി എണീറ്റത്. കണ്ണ് തിരുമ്മി ജനലിലൂടെ പുറത്തേക്കു നോക്കി. രാത്രി മുഴുവൻ മഴയായിരുന്നു. ഇന്നലത്തെ മഴയുടെ ബാക്കി പത്രമെന്നോണം ആവണം, മുറ്റത്തെ മാവിന്റെ ഇലകളിലൂടെ ഇപ്പോഴും കാണാം ഊർന്നിറങ്ങുന്ന മഴത്തുള്ളികൾ.

അടുക്കളയിൽ നിന്ന് അമ്മയുടെ നെയ്യിൽ പൊതിഞ്ഞുള്ള ദോശയുടെ മണം പൊങ്ങാൻ തുടങ്ങി . അവളുടെ വായിൽ വെള്ളം ഊറി.ആഹാ.

അമ്മു ഓടി അടുക്കളയിലേക്ക് ചെന്നു. ദോശ കല്ലിന്റെ അടുത്ത് തന്നെ നിലയുറപ്പിച്ചു. അമ്മ ചുട്ടു വച്ച ദോശയിൽ നിന്നൊരെണ്ണം കയ്യിലാക്കി.
"ഈ പെണ്ണ്. പോയി പല്ല് തേക്കടി. പല്ല് മുഴുവൻ പുഴു പിടിക്കുമ്പോൾ കണ്ടോ " അമ്മ അവളുടെ തലയ്ക്കു ഒരു കിഴിക്ക് കൊടുത്തു.

അവൾ ദോശയും ആയി നേരെ ഉമ്മറത്തേക് ഓടി. പതിവുപോലെ അച്ഛൻ പേപ്പർ വായിച്ചു ഉമ്മറകോലായിലെ ചാരുകസേരയിൽ നിലയുറപ്പിച്ചിട്ടുണ്ട്. അവൾ അച്ഛന്റെ മടിയിൽ ഇരുപ്പ് ഉറപ്പിച്ചു. അച്ഛൻ ഓരോ വാർത്തകൾ ആയി ഉറക്കെ വായിച്ചു കൊടുക്കാൻ തുടങ്ങി.

"ഈ വാർത്ത വേണ്ടച്ച.. ആ പേജിൽ സച്ചിന്റെ പടം ഉണ്ട്. എനിക്ക് അത് മതി. " അമ്മുക്കുട്ടി കിണുങ്ങി.

"പെണ്ണിന്റെ ഒരു സച്ചിൻ. സമയം എത്ര ആയിന്നു വല്ല നിച്ഛയം ഉണ്ടോ രണ്ടാൾക്കും.. ഇന്ന് സ്കൂളിൽ ഒന്നും പോണ്ടേ "- അടുക്കളയിൽ നിന്ന് ചട്ടുകം ആയി പിറകെ വന്നു അമ്മ നോക്കുന്നത് കണ്ട് അവൾ അച്ഛന്റെ മടിയിൽ നിന്ന് ചാടി എണീറ്റ് മുറിയിലേക്ക് ഓടി.

"അമ്മേ എന്റെ ബാഗ് കണ്ടോ "-ഒളി കണ്ണിട്ടു അടുക്കള വാതിക്കൽ പോയി നിന്ന് അവൾ ചിണുങ്ങി.

'എല്ലായിടത്തും എന്റെ കൈ തന്നെ എത്തണം.. നാളെ ഞാൻ ഇല്ലാതെ ആകുമ്പോൾ പഠിക്കും. "-അമ്മ പിറുപിറുത്തുകൊണ്ട് അമ്മുക്കുട്ടിയുടെ ബാഗിൽ ബുക്ക്‌ ഒക്കെ അടുക്കി വയ്ക്കാൻ തുടങ്ങി.

അമ്മയ്ക്ക് പത്തു കൈ ഉണ്ടെന്ന് തോന്നിപോകും ചില നേരത്ത്.! എല്ലായിടത്തും ഓടി എത്തും.

മനസ്സില്ലാമനസോടെ അവൾ കുളിക്കാനായി തോട്ടു വക്കത്തേയ്ക്കു നടന്നു. ഇന്നലത്തെ മഴയിൽ തോട്ടിൽ ശരിക്കും വെള്ളം നിറഞ്ഞിട്ടുണ്ട്. വെള്ളാരം പരലുകൾ കൊറേ വന്നു കൂടിയിട്ടുണ്ടല്ലോ.!

വേണ്ട.. ഇപ്പോ പിടിക്കണ്ട. സ്കൂൾ വിട്ട് വന്നിട്ട് ചേട്ടന്റെ കൂടെ വരാം. അമ്മുക്കുട്ടി വേഗത്തിൽ ഒരു കുളി പാസാക്കി അമ്മയുടെ അടുത്തേക്കോടി.

"കഴിഞ്ഞോ പെണ്ണിന്റെ കാക്ക കുളി? "- അമ്മ ഇടം കണ്ണിട്ട് അവളെ നോക്കി.


അമ്മ അവൾക്ക് ദോശ വായിൽ വച്ചു കൊടുത്തു. നെയ്യിൽ ചുട്ടെടുത്ത നല്ല അസ്സൽ ദോശ. ചൂട് ദോശ, ചമ്മന്തിയിൽ മുക്കി ഓരോ ചെറിയ കഷ്ണം ആയി അമ്മുക്കുട്ടി അകത്താക്കി.

എന്താ രുചി!

"ഓടി പോയി യൂണിഫോം എടുത്തിട്ടേ. അച്ഛൻ എല്ലാം തേച്ചു മടക്കി വച്ചിട്ടുണ്ട്."

യൂണിഫോം ആയി അവൾ അച്ഛന്റെ അടുത്തേക്കോടി. അത് പിന്നെ അങ്ങനെ ആണല്ലോ .. അച്ഛൻ ഒരുക്കിയാലേ തൃപ്തി വരുള്ളൂ. നീല പാവാടയും വെള്ള ഷർട്ടും ചുമന്ന റിബണും. അവൾ കണ്ണാടിയിൽ പോയി നോക്കി നിൽപ് തുടങ്ങി.

"കഴിഞ്ഞില്ലേ പെണ്ണെ ഒരുക്കം. ഇതാ ചോറ് പാത്രം. ഇത് മുഴുവൻ കഴിച്ചോണം. മീൻ വറുത്തത് ചോറിന്റെ അടിയിൽ വച്ചിട്ടുണ്ട് "

അപ്പോഴേക്കും കുട്ടിക്കൂട്ടം വീടിന്റെ അടുത്ത് എത്തി. എല്ലാരും കൂടെ നടന്നാണ് സ്കൂളിലേക്ക് പോകുന്നത്. അമ്മക്കും അച്ഛനും ഒരു ഉമ്മ കൊടുത്ത് അവൾ ഓടി.

ഇന്നലെ പെയ്ത മഴയത്ത് മുറ്റം തെന്നി കെടക്കുകയായിരുന്നു. ടപ്പേ.. ദാ കിടക്കുന്നു നടുവും തല്ലി താഴെ അവൾ!

           ***************
ടപ്പേ.. ഞാൻ എങ്ങനെയാ കട്ടിലെന്ന് താഴെ എത്തിയേ?!

 നടുവ് തിരുമ്മി അമ്മു മെല്ലെ എണീറ്റു. കട്ടിലിൽ കിടന്ന ഫോൺ അവൾ പരതി. ദൈവമേ സമയം ഇത്ര ആയോ.?! ഇന്ന് ഓഫീസിൽ പോകാൻ ലേറ്റ് ആയല്ലോ. ഇപ്പോൾ തന്നെ ഒരുപാട് ഫോൺ കാൾസും മെസ്സേജും വന്നിട്ടുണ്ട്.

ണിം ണിം.

മാഡം, ലാസ്റ്റ് ഡിപ്ലോയ്മെന്റ് കൊറച്ചു ഇഷ്യൂസ് ഉണ്ട്. ക്യാൻ യു കം ടു ദി ഓഫീസ് സൂൺ "?

"ഐ വിൽ ബി ദേർ ഇൻ ഫ്യു മിനിറ്റ്സ്."


പെട്ടെന്നു തന്നെ കുളിച്ചൊരുങ്ങി അവൾ നേരെ അടുക്കളയിലേക്ക് വിട്ടു. കോൺഫ്ളക്സ് കഴിച്ചു. ലഞ്ച് ഒന്നും എടുക്കാൻ സമയം ഇല്ല..ഇന്നും മാധവേട്ടന്റെ കട തന്നെ ശരണം.. അവൾ പിറുപിറുത്തു .വെളിയിൽ ഇപ്പോഴും മഴ തിമിർത്തു പെയ്യുന്നുണ്ട്. അവൾ കിടപ്പുമുറിയുടെ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. തൊട്ടടുത്ത വീട്ടിൽ നിന്നും ലക്ഷ്മിയുടെ കരച്ചിൽ കേക്കാം.
"ഞാൻ ഇന്ന് സ്കൂളിൽ പോകുന്നില്ല അമ്മേ.!"

അമ്മു മനസ്സിൽ പറഞ്ഞു. "കാലമേ നീ തിരിച്ചു തരുമോ ഇനിയും അതുപോലെയൊരു കുട്ടികാലം "!

Sunday, June 4, 2023

ഓണയാത്ര

അമ്പിളിയ്ക്ക് ഇത്തവണ ഓണം വളരെയേറെ പുതുമയുള്ള
താണ്. അവൾക്ക് ജോലി കിട്ടിയതിൽ പിന്നെ ആദ്യത്തെ ഓണമാണ്.
ഓണനാളുകളിൽ പ്രിയപ്പെട്ടവരുമായി സ്നേഹം പങ്കുവയ്ക്കുന്നത്
ഓണക്കോടി സമ്മാനിച്ചുകൊണ്ടാണല്ലോ. ശമ്പളക്കാരിയായതുകൊണ്ട്
അവളുടെ കൈയ്യിൽ നിന്ന് ഓണക്കോടി വാങ്ങാൻ ഉറ്റവരെല്ലാം കാത്തി
രിക്കുകയാണ്.ഇരുപതാം വയസ്സിൽ ജോലി കിട്ടുമെന്നുള്ള ജോത്സ്യന്റെ പ്രവചനം ഫലിച്ചു.

തലസ്ഥാന നഗരിയിൽ തന്നെ ജോലി കിട്ടിയപ്പോൾ വളരെ
ഉത്സാഹവും ആവേശവുമായിരുന്നു അവൾക്ക്. പട്ടണത്തിലെ ജീവിതം
അവൾ അത്രയേറെ കൊതിച്ചിരുന്നു. പക്ഷെ ഇപ്പോൾ വല്ലപ്പോഴുമെ
ങ്കിലുമൊന്ന് വീട്ടിൽ പോകാൻ കഴിയാത്തതിന്റെ വേദന അവളെ കുറ
ച്ചൊന്നുമല്ല അലട്ടുന്നത്.

 

ഓഫീസിലെ 'ബേബി'യാണ് അമ്പിളി. അതിന്റെ സ്നേഹവും,
വാത്സല്യവും അവൾ ആവോളം അനുഭവിക്കുന്നുണ്ട്. അവൾക്കാ
ണെങ്കിൽ ജോലിത്തിരക്ക് കാരണം നിന്ന് തിരിയാൻ നേരമില്ല.
ചിലപ്പോൾ വിചാരിക്കും ജോലിയും വേണ്ടാന്ന് വച്ച്
വീട്ടിലെങ്ങാനും ഒതുങ്ങിക്കൂടിയാലോയെന്ന്.
എത്ര കാലമെന്ന് വച്ചാ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്. ഒരു
ട്രാൻസ്ഫറിന് ശ്രമിച്ചിട്ടൊട്ട് നടക്കുന്നുമില്ല.
അതെങ്ങനാ, ആരുടെയൊക്കെ കൈയ്യും, കാലും പിടിച്ചാലാണ്
ഇതൊക്കെ സാധിക്കണേ...... അതോർക്കുമ്പോൾ എല്ലാം വേണ്ടായെന്ന്
വയ്ക്കും.


എന്തൊക്കെയാണെങ്കിലും ഓണത്തിന്റെ തിക്കും, തിരക്കും
ബഹളവുമൊക്കെ തുടങ്ങുന്നതിനു മുമ്പേ വീട്ടിലേക്ക് പോകണമെന്ന്
അവൾ തീരുമാനിച്ചിരുന്നു. പട്ടണത്തിലെ മുന്തിയ കടയിൽ നിന്ന് തന്നെ പ്രിയപ്പെട്ടവർക്കുള്ള ഓണക്കോടി കാലേക്കൂട്ടി വാങ്ങി വച്ചു.
അമ്മയ്ക്കും, അനുജത്തിയ്ക്കും ഓരോ ജോടി കൂടുതൽ
വാങ്ങി.
അയൽ പക്കത്തുള്ള അവളുടെ കുട്ടിക്കൂട്ടുകാരായ
അപ്പുണ്ണിക്കും പാറുക്കുട്ടിയ്ക്കും വാങ്ങി ഓരോ കുഞ്ഞുടുപ്പുകൾ.

ജോലിയെല്ലാം വേഗം  തീർത്ത് വീട്ടിലെത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് വാരാന്ത്യ അമ്പിളി.

ജോലിയിൽ വീഴ്ച വരുത്തി ആരുടെയും പഴി കേൾക്കുന്നത്
അവൾക്ക് തീരെ ഇഷ്ടമല്ല. അതുകൊണ്ടു കൂട്ടുകാരോടൊന്നും പതിവ് കുശലം പറച്ചിലിനുള്ള സമയം കിട്ടാറില്ല. രണ്ട് മൂന്ന് ദിവസമായി വൈകിട്ട് ചായ കുടിക്കുന്നതിനും ക്യാന്റീനിലേയ്ക്കും അമ്പിളി പോകാറില്ല.

അന്ന് രാവിലെ ഓഫീസിലേയ്ക്ക് പുറപ്പെടുമ്പോൾ
ഉച്ചയ്ക്കുള്ള തീവണ്ടിയ്ക്ക് തന്നെ നാട്ടിലേയ്ക്ക് തിരിക്കണമെന്ന്
അവൾ തീരുമാനിച്ചിരുന്നു.

ദൂരം എത്ര താണ്ടിയാലാണ് അങ്ങ് എത്തുന്നത്. എല്ലാവരെയും
ഒന്നു കാണാൻ കൊതിയായിത്തുടങ്ങി.
വീട്ടിലേക്ക് പോകുന്ന ദിവസം ഒരു പ്രത്യേക സന്തോഷവും
പ്രസരിപ്പുമാണ് അവളുടെ മുഖത്ത്. അത് കാണുമ്പോൾ ഓഫീസിൽ
പലരും ചോദിക്കും. ഇന്ന് വീട്ടിൽ പോകുവായിരിക്കുമല്ലേ?
മറുപടി ഒരു വിടർന്ന ചിരിയിൽ ഒതുക്കും.
എന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ നേരം കൂട്ടുകാരെല്ലാം
ഒപ്പം കൂടും. കറികളെല്ലാം പങ്ക് വച്ച് കുശാലായ ശാപ്പാട്.

അന്ന് രാവിലെ അവരെയൊക്കെ കണ്ടപ്പോൾ തന്നെ പറഞ്ഞു.
ഇന്ന് നമ്മുക്ക് നേരത്തെ ഊണ് കഴിക്കണം. ഉച്ചയ്ക്കുള്ള തീവ
ണ്ടിയ്ക്ക് പോകണമെന്നാണ് വിചാരിക്കുന്നത്.
മറ്റൊന്നും ശ്രദ്ധിക്കാതെ ജോലിയിൽ മുഴുകിയിരിക്കുകയാണ്
അമ്പിളി.
അടുത്തുള്ള മോസ്കിൽ നിന്ന് ബാങ്ക് വിളി കേട്ടു. എല്ലാം
ഒതുക്കി വച്ച് ഭക്ഷണം കഴിക്കാൻ ഒരുങ്ങി.
ഡിംഗ്..............ആരോ മേശപ്പുറത്തുള്ള കോളിംഗ് ബെൽ
ആഞ്ഞമർത്തി.
അല്പം കഴിഞ്ഞ് പ്യൂൺ ഗോപി വന്ന് മടിച്ചു മടിച്ചു പറഞ്ഞു.
അമ്പിളി കൊച്ചേ. സൂപ്രണ്ട് സാറ് വിളിക്കുന്നു.
ഓ..... ഒരു കുപ്രണ്ട്......... അങ്ങേർക്ക് വിളിക്കാൻ തോന്നിയ നേരം.

അവൾ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റ് ചെന്ന്
യാന്ത്രികമായി ചിരിച്ചുകൊണ്ട് ഭവ്യതയോടെ ചോദിച്ചു.
എന്താ സർ വിളിച്ചത്?

ങാ.....അമ്പിളി, ഇപ്പോൾ കിട്ടിയ ഫാക്സ് സന്ദേശമാണ്..
വെരി അർജന്റ്
ഒന്നും മിണ്ടാതെ അതും വാങ്ങി തിരിച്ചു നടന്നു. കണ്ണുകൾ
നിറഞ്ഞു.
കൂട്ടുകാർ ഊണ് കഴിക്കാൻ അവളെയും കാത്ത് ഇരിക്കുകയാണ്.
നിങ്ങൾ കഴിച്ചോളൂ. എനിക്ക് കുറച്ച് താമസമുണ്ട്. അവളുടെ
ശബ്ദം ഇടറി.
വെപ്രാളപ്പെട്ട് എങ്ങനെയൊക്കെയോ എഴുതിത്തീർത്ത് സൂപ്ര
ണ്ടിനെ ഏൽപിച്ചു. അപ്പോഴേക്കും കൂട്ടുകാർ ഭക്ഷണം കഴിച്ച് എഴു
ന്നേറ്റ് പോയിക്കഴിഞ്ഞു. ഇനിയിപ്പോ ഊണ് കഴിക്കാൻ നിന്നാൽ വണ്ടി
കിട്ടില്ല.
പാത്രത്തിലുള്ള ചോറ് കളഞ്ഞ് കഴുകി വച്ചിട്ട് അവൾ വേഗം
ഇറങ്ങി ഓടി. ആരോടും യാത്ര പറയാൻ പോലും ഓർത്തില്ല.
റോഡിൽ ചെന്ന് ആട്ടോ കാത്തു നിന്നു. കാലിയായി വരുന്ന
തൊക്കെ നിർത്താൻ ഭാവമില്ലാതെ കടന്നുപോയിക്കൊണ്ടിരുന്നു.


എന്തു കഷ്ടമാണിത്. വണ്ടിയുടെ സമയമായിക്കൊണ്ടി
രിക്കുകയാണല്ലോ.
ഭാഗ്യത്തിന് ഒരു ആട്ടോ അവളുടെ അടുത്ത് വന്ന് നിറുത്തി.
എങ്ങോട്ടാ?
റെയിൽവേ സ്റ്റേഷനിൽ പോകണം.
അങ്ങോട്ടാണെങ്കിൽ പോകില്ല.വേറെ ഓട്ടം പോകുവാ.
എങ്കിൽ പിന്നെ താൻ പറയുന്നിടത്തേയ്ക്ക് ഞാൻ
പോകാം. അവൾ അയാളോട് കലഹിച്ചു.
അപ്പോഴാണ് ഓഫീസ് വാഹനവുമായി ഡവർ രാജു അതു
വഴി വന്നത്.
റെയിൽവേ സ്റ്റേഷനിലേക്കാണെങ്കിൽ കയറിക്കോ
അമ്പിളിക്കുട്ടീ, ഈ വണ്ടി അതു വഴിയാ പോകുന്നത്? അവൾ
ദൈവത്തെ സ്തുതിച്ചുകൊണ്ട് അതിൽ കയറി.
വഴിയിലും കടകളിലുമെല്ലാം ഓണത്തിരക്ക് കൊടുമ്പിരികൊ
ണ്ടിരിക്കുകയാണ്. തെളിഞ്ഞ അന്തരീക്ഷം വഴിയോരക്കച്ചവടക്കാരുടെ
വില്പനയെ ഉഷാറാക്കുന്നുണ്ട്. അവരുടെ മുഖത്തെ സൂര്യതേജസ്സ്
കണ്ടാലറിയാം ലാഭക്കൊയ്ത്താണെന്ന്.
പാവങ്ങൾ..... അവൾക്ക് സഹതാപം തോന്നി. വല്ലപ്പോഴുമല്ലേ......
റെയിൽവേ സ്റ്റേഷൻ പരിസരത്തെല്ലാം തിക്കും തിരക്കുമാണ്.
ടിക്കറ്റ് കൗണ്ടറിലെ നീണ്ട ക്യൂ കണ്ട് അവൾ അന്തം വിട്ടു.
ഓണാവധി തുടങ്ങാൻ ഇനിയും ദിവസങ്ങളുണ്ടല്ലോ......
എന്നിട്ടും ഇത്രയധികം തിരക്കോ
അവൾ ടിക്കറ്റെടുത്ത് ഫ്ളാറ്റ് ഫോമിലേയ്ക്ക് ഓടി. യാത്രക്കാർ
തലങ്ങും വിലങ്ങും പായുകയാണ്.
ഓണത്തെ
വരവേൽക്കുന്നതിനുള്ള നെട്ടോട്ടമാണിതെന്ന്
അവൾക്ക് മനസ്സിലായി.
തീവണ്ടി ഫ്ളാറ്റ് ഫോമിൽ കാത്തു കിടപ്പുണ്ട്. അവൾ
വണ്ടിയിൽക്കയറി സൈഡ് സീറ്റ് പിടിച്ചു......... ലഗേജുകൾ മുകളിലത്തെ
തട്ടിൽ വച്ചു.
പ്രിയപ്പെട്ടവർക്കൊപ്പം
ആളുകൾ ഒഴുകിയെത്തുന്നതുപോലെ തോന്നി. അവരുടെ
ഓണം ഉണ്ണാൻ പോവുകയാണ് എല്ലാവരും.
ഉച്ചഭാഷിണിയിലൂടെ ഒരറിയിപ്പ് മുഴങ്ങി കേട്ടു..

അപ്രതീക്ഷ കാരണങ്ങളാൽ വണ്ടി പുറപ്പെടാൻ ഒരു മണിക്കൂർ വൈകും.
അവൾക്കാണെങ്കിൽ നന്നായിട്ട് വിശക്കുന്നുമുണ്ട്. വീട്ടിലെ ഞാൻ ഒരു നേരമാകും.
കോഫ്.....കോഫി........
അവൾ ഒരു കാപ്പി വാങ്ങി.

രണ്ടു വടയും വാങ്ങി കാപ്പിയും കുടിച്ച് വിശപ്പടക്കി.
പ്ലാറ്റ്ഫോമിലെ ആൾത്തിരക്ക് നോക്കിയിരിക്കാൻ നല്ല
കൗതുകം തോന്നി. തമിഴരും, ഹിന്ദിക്കാരും, വിദേശികളുമെല്ലാം ഓണ
ത്തിരക്കിൽ മലയാളിയോടൊപ്പം ചേരുകയാണ്.
വെണ്ണ നിറത്തിൽ മെഴുക് പ്രതിമയെപ്പോലെ ഒരു മദാമ്മയെ
കണ്ട് അവൾ കണ്ണെടുക്കാതെ നോക്കിയിരുന്നു. സ്വർണ്ണനിറത്തിലുള്ള
മിനുമിനുത്ത തലമുടി പോണിടെയിൽ കെട്ടിയിരിക്കുന്നു. മുട്ടിനു
മുകളിൽ നിൽക്കുന്ന കടും ചുവപ്പ് കൈയ്യില്ലാത്ത കുട്ടിയുടുപ്പ് മദാ
മ്മയെ കൂടുതൽ മനോഹരിയാക്കി. കൂടെയുള്ള സായിപ്പ് അവളെ
ചേർത്തു പിടിച്ചിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് അവർക്ക്
ഇഷ്ടപ്പെട്ടിട്ടാണ്. മതം, ഭാഷ, ദേശം എന്തുമായിക്കൊള്ളട്ടെ ഓണം
എല്ലാവർക്കും പ്രിയപ്പെട്ടതാണെന്ന് തോന്നിപ്പോയ നിമിഷം.
കുട്ടികാലത്തെ ഓണാഘോഷത്തെക്കുറിച്ചുള്ള രസകരമായ
മുഹൂർത്തങ്ങളിലേക്ക് അവളുടെ ചിന്ത കടന്നു ചെന്നു.
നാട്ടിൻ പുറത്തെ ഓണത്തിന് ഒരു പ്രത്യേക സുഖവും സുഗ
ന്ധവുമുണ്ടായിരുന്നുവല്ലോ. വൈകുന്നേരങ്ങളിൽ അയൽവാസിയായ
കൂട്ടുകാരെയും കൂട്ടി പൂക്കളമൊരുക്കാനുള്ള പൂക്കൾ പറിയ്ക്കാൻ
പോകും.
വയലുകളും, അരുവികളും, മൊട്ടക്കുന്നുകളും വെള്ളം നിറഞ്ഞ്
കിടക്കുന്ന കല്ലുവെട്ടാംകുഴികളുമെല്ലാം ആ നാടിന്റെ പ്രത്യേകതയാണ്.
എല്ലാവരുടെയും വീടുകളിലും രണ്ടും, മൂന്നും ആട്ടിൻ കുട്ടി
കളും കാണും. അവറ്റകളെയും കൂടെ കൂട്ടും.
ആട്ടിൻ കൂട്ടത്തെ മേയ്ക്കാൻ വിട്ട് കൂട്ടുകാരെല്ലാം ചേർന്ന്
ആൺപെൺ വ്യത്യാസമില്ലാതെ പൂക്കൾ ശേഖരിക്കാൻ തുടങ്ങും.


വയലിന്റെ വരമ്പുകളിൽ കാക്കപ്പൂവും മുക്കുത്തിപ്പൂവും ധാരാ
ളമുണ്ടായിരുന്നു.
മൊട്ടക്കുന്നുകളിൽ അവിടെവിടെയായി ആനക്കൊമ്പന്റെ തല
യെടുപ്പോടെയുള്ള പാറക്കൂട്ടങ്ങൾ ആ നാടിനെ കൂടുതൽ സുന്ദരിയാ
ക്കി. പ്രകൃതിഭംഗി കനിഞ്ഞ് നൽകിയിരിക്കുകയാണ് ഭഗവാൻ. പാറ
യിടുക്കുകളിൽ തുമ്പച്ചെടികൾ പൂത്ത് നിറഞ്ഞ് നിൽക്കും.
കുന്നിന് മുകളിൽ നിരനിരയായി നിൽക്കുന്ന കൊങ്ങിണിയിൽ
ചുവപ്പും മഞ്ഞയും നിറത്തിലുള്ള പൂക്കൾ കണ്ടാൽ കാട്ടുതീയെന്ന്
തോന്നിപ്പോകും.
വള്ളിച്ചെടിയിലുണ്ടാകുന്ന ഒരു പ്രത്യക തരം പൂക്കൾ കൂടി
ഉണ്ടായിരുന്നു അവിടെ.

വട്ടിയിൽ നിറയെ പൂക്കളും പറിച്ച്, പുല്ല് തിന്ന് വയറ് വീർപ്പി
ച്ചിരിക്കുന്ന ആടുകളെയും കൂട്ടി സന്ധ്യയ്ക്കു മുമ്പായി വീട്ടിൽ തിരി
ച്ചെത്തും.


പിറ്റേന്ന് വെളുപ്പിന് എണീറ്റ് കുളിച്ച് പൂക്കളം ഒരുക്കും.
ചാണകം കൊണ്ട് നിലം മെഴുകി മണ്ണു കുഴച്ച് തറയുണ്ടാക്കി
അതിലാണ് പൂവിടുന്നത്. അത്തം നാളിൽ ഒരു നിലയുള്ള തറയാണ്
ഉണ്ടാക്കുന്നത്. ദിവസവും ഓരോ നിലകൾ കൂടി പത്താം ഓണത്തിന്
പത്ത് നിലയുള്ള തറയിലാണ് പൂക്കളമൊരുക്കുന്നത്. അതിനടുത്തു
തന്നെ ഓണത്തപ്പന്റെ പ്രതിമയും മണ്ണുകുഴച്ച് ഉണ്ടാക്കി വയ്ക്കും.
തിരുവോണ സദ്യയ്ക്കുള്ള കൊണ്ടാട്ടങ്ങളും ഉപ്പിലിട്ടതും രണ്ട്
മൂന്ന് ദിവസം മുമ്പേ ഉണ്ടാക്കാൻ തുടങ്ങും. വീട്ടിലെ മുതിർന്ന ആളു
കളെല്ലാം കൂടി ഓണ പാട്ടും പാടി കൂട്ടം ചേർന്നാണ് ഇതൊക്കെ
ചെയ്യുന്നത്.സംഘത്തിലെ നിമിഷ കവികൾ ചിട്ടപ്പെടുത്തിയ ഗാനമാണ്
ആലപിക്കുന്നത്.

ഓണം വന്നേ ഓണം വന്നേ
തിരുവോണം വന്നല്ലോ 
മാവേലിത്തമ്പുരാന്റെ പൊന്നോണം
വന്നല്ലോ, പൂവേ പൊലി പൂവേ....

കൂട്ടത്തിൽ വികൃതിയായ പയ്യൻ അവന്റെ തനി സ്വരൂപം
പുറത്തെടുത്തു.....

സിന്ദാബാദ്............. സിന്ദാബാദ്..............
മാവേലിത്തമ്പുരാൻ
സിന്ദാബാദ്.................

അച്ചനപ്പൂപ്പൻ പോലും ഈ രസച്ചരടിൽ പിടിച്ച് പിന്തുണച്ചു.
പലഹാരങ്ങൾ എണ്ണയിൽ വറുത്ത് കോരുമ്പോൾ പരിസരമാകെ 
ഓണമണം പരക്കും. ബേക്കറിയിൽ നിന്നും പായ്ക്കറ്റിൽ കിട്ടുന്നത് വാങ്ങുന്ന രീതി അന്നൊന്നും ഇല്ല.

മുറ്റത്ത് വളർന്ന് പന്തലിച്ച് നിൽക്കുന്ന മാവിൽ മൂന്നും നാലും
ഊഞ്ഞാലുകൾ ചിങ്ങമാസം തുടങ്ങുമ്പോൾ തന്നെ കെട്ടിയിടും. പട്ടണ
വാസികളായ ബന്ധുക്കളുടെ മക്കൾ നാട്ടിൻ പുറത്തെ കുടുംബവീട്ടിൽ
ഓണം ആഘോഷിക്കാൻ എന്താവേശത്തോടെയാണ് എത്തുന്നത്!!
ഓണസദ്യയ്ക്കുള്ള തൂശനില പുരയിടത്തിൽ പോയി കൊണ്ടു
വരുന്നതും കുട്ടികൾ തന്നെയാണ്. തോർത്ത് മുണ്ട് ഉടുത്ത് മേനി കാട്ടി
ഇതൊക്കെ ചെയ്യുന്നത് കാണാൻ നല്ല ശേലാണ്.

തിരുവോണ ദിവസം രാവിലെ പുതുമണമുള്ള ഓണക്കോടിയും
അണിഞ്ഞ് ഊഞ്ഞാലാട്ടവും ഓണക്കളികളുമായി ഉത്സവലഹരിയിൽ
മതി മറന്ന് ആനന്ദിക്കും.ഉച്ചയാവുമ്പോഴേക്കും വീടു നിറയെ ആളുകൾ ഉണ്ടാകും. നാരികൾ സെറ്റ് സാരിയുമുടുത്ത് തിരുവാതിര കളിച്ച് ഓണക്കൊഴുപ്പ് കൂട്ടും. നൃത്തച്ചുവടുകൾക്ക് ആവേശം പകരാൻ മുണ്ടും സിൽക്ക് ജുബ്ബയും അണിഞ്ഞ് കൈകൊട്ടി പാട്ടും പാടി എതിർപക്ഷം രംഗപ
വേശം ചെയ്യും.

വിഭവസമൃദ്ധമായ ഓണസദ്യയും കഴിഞ്ഞ് എല്ലാവരും കൂടി
ആഘോഷമായി വള്ളംകളി മത്സരവും ഗജരാജാക്കൻമാരുടെ എഴുന്ന
ള്ളത്തും കാണാൻ പോകും.

മലയാള മണ്ണിൽ ജന്മം കിട്ടിയതിൽ സായൂജ്യമടയുന്ന
നിമിഷങ്ങൾ.

ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളിൽ അമ്പിളി എപ്പഴോ മയ
ങ്ങിപ്പോയി.

തീവണ്ടി പുറപ്പെടുന്നതിന്റെ ചൂളം വിളി അവൾ കേട്ടില്ല.
ആ സുന്ദര മധുര സ്മരണകളുടെ ചുഴിയിൽ അകപ്പെട്ടുപോയ
അവളെയും കൊണ്ട് തീവണ്ടി കൂകി പാഞ്ഞു..


വിരഹം

പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ട്. മഴപോലെ തന്നെ ആണ് പ്രണയവും വിരഹവും. നിനച്ചിരിക്കാത്ത നേരത്ത് നിറഞ്ഞു പെയ്തു ആകെ നനച്ചു കടന്നു ...