Pages

Sunday, July 4, 2021

മഴ

 മുറ്റത്ത്‌ മഴ  തകർത്ത് പെയ്യുകയാണ്. മഴയ്ക്ക്  അകമ്പടിയായി മേഘം  മിന്നൽ  പിണർ കൊണ്ട് ചെറുചിത്രങ്ങളും വരയ്ക്കുന്നുണ്ട്. ഇതെല്ലാം കണ്ടുകൊണ്ട് അവൾ തന്റെ  ജനാലയ്ക്കരികിൽ ഇരുന്നു. 

മഴ... പണ്ടേ അവൾക്ക് ഒരുപാട്  ഇഷ്ടമാണ് . ഓർമ്മകൾ കൊണ്ട് മനസ്സിൽ അവൾ  ഒരു  കൊട്ടാരം  തന്നെ  പണിയും . ഓരോ  മഴയും അവളുടെ  ഉള്ളിൽ നനവോതുന്ന ഓർമ്മകൾ ആണ്. 

ആകാശത്തിനു ഭൂമിയോടുള്ള പ്രണയം ആണോ ഈ  മഴ?  കള്ളച്ചിരിയോടെ മെല്ലെ  അവൾ  ചോദിച്ചു. പ്രണയം തന്നെ. മൈലുകൾ അകലെയാണെങ്കിലും ഒന്നാകാനുള്ള വെമ്പലാണ് ആകാശo മഴയായ് പൊഴിക്കുന്നത്. 

അവളുടെ  പ്രണയം  മഴയോടായിരുന്നു. കാരണം  ഓരോ  മഴയും  അവളുടെ ബാല്യകാലത്തിലേക്കുള്ള ഒരു  എത്തിനോട്ടം കൂടി  ആയിരുന്നു. ജൂൺ  മാസത്തിലെ  തകർത്തുപെയ്യുന്ന മഴയുടെ  അകമ്പടിയോട് കൂടിയായിരുന്നു അവളുടെ  ഓരോ  സ്കൂൾ  ദിനവും കടന്ന്  പോയിരുന്നത്. അപ്പ മേടിച്ച് തന്ന പുത്തൻ ഉടുപ്പും ഇട്ട് ബാഗും തോളിൽ  തൂക്കി, കുടയും  ചൂടി രാജകുമാരിയെപോലെ ഒരു യാത്രയുണ്ട് സ്കൂളിലേക്ക്. 




കൂട്ടുകാരും  പുത്തൻ  ഉടുപ്പിൽ  ആയിരിക്കും. താറാക്കൂട്ടം പോകുന്ന പോലെ തോടും  വയലും  ഒക്കെ കടന്ന്  വേണം ആ കൊച്ചുയാത്ര സ്കൂളിൽ  എത്താൻ.തോട്ടിലെ  മീനുകളുടെ കണക്കെടുത്തും വെള്ളാരം  കല്ലുകൾ പെറുക്കിയും ചെളിവെള്ളം തെറിപ്പിച്ചുo  ഒക്കെയാണ്  കുട്ടിക്കൂട്ടം പതിയെ സ്കൂളിൽ എത്തിയിരുന്നുള്ളു. 

ക്ലാസ്സിൽ ചെലപ്പോ പുതിയ  കൂട്ടുകാരും വന്നിട്ടുണ്ടാവും. സ്കൂളിൽ പോകാൻ അവൾക്ക് നല്ല  ഉത്സാഹമാണ്,  പ്രതേകിച്ചു മഴക്കാലത്ത്. സ്കൂളിൽ എത്തുമ്പോഴേക്കും അവളുടെ  പുത്തൻ  പാവാട വെള്ളത്തിൽ നനഞ്ഞു കുതിർന്നിട്ടുണ്ടാവും. 

ക്ലാസ്സിൽ ചാക്കോ  മാഷ്  ആണ്. അവൾക്ക്  ഏറെ  പേടിയുള്ള  അവളുടെ 'പരിസര  പഠനം' മാഷാണ്  ചാക്കോ മാഷ്. വെള്ളമുണ്ടും വെള്ള ഷർട്ടും ആണ് സാറിന്റെ  സ്ഥിരം  വേഷം.കയ്യിൽ  ചൂരലും മറുകയ്യിൽ 'പരിസര പഠനം' ബുക്കുമായി സാർ ക്ലാസ്സിലേക്ക് വരുമ്പോൾ തന്നെ കുട്ടിക്കൂട്ടം നിശബ്ദമാവും. വന്നയുടൻ തലേദിവസം പഠിപ്പിച്ച കാര്യങ്ങൾ റിവിഷൻ ചെയ്യുക മാഷിന് നിർബന്ധമാണ്. എത്ര  നന്നായി പഠിച്ചാലും പെട്ടെന്ന് സാർ ചോദിക്കുമ്പോ ഉത്തരം  കിട്ടാതെ  കുട്ടികൾ  കുഴങ്ങും. 

സാർ ഹാജർ  എടുക്കുകയാണ്. മഴയും  തകർത്തു പെയ്യുന്നുണ്ട്. തിമിർത്തു  പെയ്യുന്ന  മഴയിൽ സാർ ന്റെ ശബ്ദവും  മുങ്ങിപോകുന്നുണ്ട്. ഹാജർ ബുക്ക്‌ അടച്ചു. അടുത്തത് 'ചോദ്യോത്തരവേള' ആണ്. എല്ലാരും  പേടിച്ചു 'എന്നെ  വിളിക്കരുതേ' എന്ന് മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് തലയും  കുമ്പിട്ടിരുപ്പാണ്. 

നമ്മുടെ കഥാനായിക ഈ പ്രാവശ്യം ഇത്തിരി ധൈര്യത്തിലാണ്. കാരണം പാഠങ്ങൾ എല്ലാം മനഃപാഠമാക്കിയാണ് അവൾ  വന്നിരിക്കുന്നത്. ആദ്യത്തെ  ചോദ്യം  അവളോട്  തന്നെ. 

"സൂര്യൻ ഉദിക്കുന്നത് എവിടെ ? "സാറിന്റെ ചോദ്യം. 

അവൾ  ബെഞ്ചിൽനിന്ന് ചാടി എഴുന്നേറ്റു. 

"സൂ  സൂ  സൂര്യൻ... " അവൾ  വിക്കി. 

'ദൈവമേ  രാവിലെ പഠിച്ചതാണല്ലോ.അമ്മയെ  പറഞ്ഞുകേൾപ്പിച്ചതാണല്ലോ.' തകർത്ത്  പെയ്യുന്ന മഴയിൽ അവൾ  നിന്ന് വിയർക്കാൻ തുടങ്ങി. 'കിഴക്കാണോ പടിഞ്ഞാറാണോ?'വൈകുന്നേരം അപ്പയുടെ കൂടെ  സൂര്യാസ്‌തമയം കാണാൻ പാറമുകളിൽ പോകുന്നത് അവൾ  ഓർത്തു. 

രണ്ടാമതും സാർ ചോദ്യം ആവർത്തിച്ചു. ഇനി  പന്തിയല്ല എന്തെങ്കിലും ഒന്ന്  ഉറപ്പിച്ചേ പറ്റുള്ളൂ. രണ്ടും  കല്പിച്ചു അവൾ സ്വരം  താഴ്ത്തി പറഞ്ഞു... "പ... പ... പടിഞ്ഞാറ് ".

"ഹ  ഹ  മിടുക്കി ". സാർ  ചിരിച്ചു. സാർ  അവളെ മുൻപോട്ട് വിളിച്ചു. ഉത്തരം ശരിയാണല്ലോന്ന് ഓർത്ത് തെല്ല് ഒരു  അഹങ്കാരത്തോടെ അവൾ മുൻപോട്ട്  നടന്നു. 

'ടപ്പേ...'

വലിയ  ഒരു ഇടി  അവളുടെ  നടുവിൽ  വെട്ടിയപോലെ  തോന്നി. ഇടിയല്ല ചാക്കോ  മാഷിന്റെ ചൂരലാണ് തന്റെ  പുറത്തു വീണതെന്ന് അവൾ  തിരിച്ചറിഞ്ഞു. ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി. എന്താ സംഭവിച്ചതെന്ന് മനസിലാവാതെ  അവൾ  വിങ്ങി  പൊട്ടി. 

"സൂര്യൻ എവിടെയാ  ഉദിക്കുന്നതെന്നു  ഇപ്പോ  മനസ്സിലായോ" :സാർ ദേഷ്യത്തോടെ ചോദിച്ചു. അവൾക്ക്  പറ്റിയ  അമളി  ഓർത്ത് അവൾ  തിരികെ  ബെഞ്ചിൽ  വന്നിരുന്നു.

'ടപ്പേ... '

ഈ പ്രാവശ്യം അടിച്ചത്  ചാക്കോ  മാഷല്ല. അവളുടെ  അമ്മയാണ്. മഴ  പെയ്യും  തുണി  പെറുക്കി വയ്ക്കണം  എന്ന്  പറഞ്ഞാണ്  അമ്മ  കുളിക്കാൻ  പോയത്. തകർത്തു  പെയ്യുന്ന മഴയിൽ  അവൾ  ജനാലയ്ക്കരികിൽ ഇരുന്ന്  ഓർമകളിൽ  മുഴുകിപ്പോയത് അമ്മയുണ്ടോ അറിയുന്നു. 

അവൾ  പുറത്തേക്കുനോക്കി.പഴയ  സ്കൂൾ കാലത്തിലേക്ക് അവളെ  ഊളിയിട്ടിറങ്ങാൻ സഹായിച്ച മഴയോട് അവൾക്ക് എന്തെന്നില്ലാത്ത ഒരു  അടുപ്പം തോന്നി.  മുറ്റത്തെ  ചരലിൽ  ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കി നിന്ന് അവൾ  ഭാവനയുടെ മറ്റൊരു  ലോകത്തിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു... 


14 comments:

  1. കഥാപാത്രത്തെയും ഓരോഭാവങ്ങളെയും നേരിട്ട് വീക്ഷിക്കുന്ന അനുഭൂതി.ഓരോ നിമിഷവും അടുത്തത് എന്ത് എന്നറിയാനുള്ള വ്യഗ്രത....
    Supeb👌👌👌
    Keep going...❤❤❤

    ReplyDelete
  2. Haha real life story😁 njan ith orkandadi😆

    ReplyDelete
  3. ഒരു നിമിഷം ഞാനെന്റെ കുട്ടിക്കാലത്തേക്ക് പോയതു പോലെ തോന്നി...... അതി മനോഹരം ആയിട്ടുണ്ട്

    ReplyDelete
  4. ബാല്യത്തെ ഓർമ്മിപ്പിച്ചു🙏

    ReplyDelete

വിരഹം

പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ട്. മഴപോലെ തന്നെ ആണ് പ്രണയവും വിരഹവും. നിനച്ചിരിക്കാത്ത നേരത്ത് നിറഞ്ഞു പെയ്തു ആകെ നനച്ചു കടന്നു ...