"പറഞ്ഞിട്ടില്ലിതുവരെ, ഒന്നാകാൻ വിധിയില്ലാത്തവരെ തമ്മിൽ കണ്ടുമുട്ടിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് കാലം പറഞ്ഞിട്ടിലുതുവരെ..."
ഇനിയും എഴുതി പൂർത്തിയാക്കാത്ത വരികളിലേക്ക് പാർവ്വതി മിഴി ഓടിച്ചു. അവളുടെ എഴുത്തു മുറിയിലെ കിളിവാതിൽ തുറന്നിടാൻ കാത്തിരുന്നു എന്നവണ്ണം ഒരു മന്ദമാരുതൻ അവളുടെ മുടിയിഴകളെ തഴുകി കടന്നുപോയി. പുറത്ത് പകൽ അസ്തമിച്ചു കഴിഞ്ഞു. രാത്രി ആധിപത്യം സ്ഥാപിച്ചു. രാത്രിക്ക് സ്വാഗതം അരുളിക്കൊണ്ട് പെട്ടെന്ന് മഴയും കടന്നു വന്നു. സമയം മുന്നോട്ട് പോകുന്നു. മുറിയിൽ തൂക്കിയിട്ടിരിക്കുന്ന നീളൻ ഘടികാരം പതിനൊന്ന് അടിച്ചു. പരസ്പരം തോറ്റു കൊടുക്കില്ല എന്ന മട്ടിൽ സൂചികൾ മത്സരിച്ച് ഓട്ടമാണ്. പാർവ്വതി ഓർമ്മകളുടെ മറു തലത്തിലേക്ക് ഒരു പ്രയാണം നടത്തി.
***************************************
ഓർമകളുടെ മതിൽക്കെട്ടുകൾ തകർത്ത് പാർവ്വതി എത്തിനിന്നത് ഒരു വാകമരച്ചുവട്ടിലാണ്. വാകമുത്തശ്ശി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ആ കലാലയത്തിലെ തലമുതിർന്ന ആളാണ്. വസന്തകാലത്ത്, മഞ്ഞ പരവതാനി വിരിച്ചപോലെയേ വാകപ്പൂക്കൾ നിരന്നുകിടക്കുന്ന ആ മുറ്റം കണ്ടാൽ തോന്നുകയുള്ളൂ. കലാലയത്തിൽ അവൾ എല്ലാവരുടെയും പാറു ആയിരുന്നു. അക്ഷരങ്ങളുടെ ലോകം വിട്ട് മറ്റൊന്നും അവൾക്ക് ഇല്ലായിരുന്നു. അവളുടെ ഉറ്റ ചങ്ങാതിയായിരുന്നു രേവതി. രേവതിക്കുട്ടിയുടെ വരവോടെയാണ് രക്തബന്ധങ്ങളേക്കാൾ വിലയുണ്ട് ചില സ്നേഹബന്ധങ്ങൾക്കെന്ന് പാർവ്വതി തിരിച്ചറിഞ്ഞത്.
പട്ടണത്തിലെ ആഡംബര ഫ്ളാറ്റിലെ ജീവിതം പാറുവിന് വെറുപ്പായിരുന്നു. ഏതോ ഒരു ചില്ലുകൂട്ടിൽ അടച്ച പക്ഷിയെപ്പോലെയാണ് അവിടെ അവൾ. അവിടെനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അവൾ അക്ഷരങ്ങളുമായി കൂട്ടുകൂടിയത്. അവൾ എഴുതുന്ന ഓരോ വരിയും അവളുടെ നഷ്ടസ്വപ്നങ്ങളോ ആഗ്രഹങ്ങളോ ആയിരുന്നു. എഴുത്തിന്റെ ലോകത്തിൽ പാറു അവളുടേതായ ഒരു സങ്കല്പസൃഷ്ടി തന്നെ മെനഞ്ഞെടുക്കുമായിരുന്നു . അച്ഛനും അമ്മയും കൽക്കത്തയിലാണ് ജോലി ചെയ്യുന്നത്. അവളേയും നിർബ ന്ധിച്ചതാണ് കൂടെ പോകാൻ.
ആനന്ദ് അതായിരുന്നു അവന്റെ പേര്. ആദ്യമൊക്കെ ഒരു ബഹുമാനമായിരുന്നു ആനന്ദിന് പാറുവിനോട്. കണ്ണടവച്ചും അഴിച്ചിട്ട മുടി കുളിർപിന്നൽ കെട്ടിയും പാഠപുസ്തകം മാറോടണച്ചും ഉള്ള പാർവ്വതിയുടെ നടത്തം ആനന്ദ് ദൂരെനിന്ന് നോക്കിനിൽക്കാറുണ്ട്. "അവളൊരു പുസ്തകപ്പുഴു തന്നെ". ഇടയ്ക്ക് കളിയായി ആനന്ദ് മനസ്സിൽ ഓർക്കാറുണ്ട്. ആ കാന്താരിയുടെ ഉള്ളിലിരുപ്പ് അറിയാൻ ആനന്ദ് പലവട്ടം ശ്രമിച്ചതാണ്. രേവതിയാണ് ഇരുവരുടെയും ഹംസം. ആനന്ദിനുവേണ്ടി രേവതി പലതവണ പാറുവിനോട് സംസാരിച്ചു. രേവതി ആനന്ദിന് അനുകൂലമായിരുന്നു . എന്നാൽ പാറു മൗനം അവലംബിച്ചു.
ഒരു ദിവസം രേവതി പറഞ്ഞു, ആനന്ദ് നിന്നെ കാത്ത് ലൈബ്രറിയിൽ ഉണ്ട്. പാറു ലൈബ്രറിയിൽ എത്തിയപ്പോൾ തന്നെയും കാത്ത് നിൽക്കുന്ന രണ്ട് മിഴികൾ കണ്ടു. അവളുടെ കൺമഷി എഴുതിയ കണ്ണുകൾ ആനന്ദിന് ഏറെ ഇഷ്ടമാണ്.
“ ആനന്ദ് , എനിക്ക് പ്രണയം ഇഷ്ടമാണ്. പക്ഷേ നിന്നെ പ്രണയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല . അക്ഷരങ്ങളെ , മഴയെ , പൂക്കളെ എല്ലാം എനിക്ക് പ്രണയമാണ് . എത്രനാൾ നീണ്ടുനിൽക്കും ഈ പ്രണയം... എല്ലാം നശ്വരമാണ് ആനന്ദ്... ഇപ്പോൾ നിനക്ക് എന്നോടുള്ളത് ഒരു ആരാധനയോ കൗതുകമോ ആയിരിക്കാം . പ്രണയമെന്നു വിളിച്ച് അതിന്റെ പവിത്രതയെ നീ തല്ലിക്കൊഴിക്കരുത്."
ആനന്ദിന്റെ മറുപടിക്കുപോലും കാത്തുനിൽക്കാതെ പാറു നടന്നു മറഞ്ഞു . വാക്കുകൾ എന്ന മൂർച്ചയേറിയ വാളുകൊണ്ട് മുറിഞ്ഞു നിൽക്കുന്ന ഒരു മനുഷ്യനായി അപ്പോൾ ആനന്ദ്. അവന്റെ കണ്ണുകൾ നിറഞ്ഞു.
“ പ്രണയം സത്യമല്ലേ, അവൾ അത് തിരിച്ചറിയുക തന്നെ ചെയ്യും.” ആനന്ദ് മനസ്സിൽ ഉരുവിട്ടു .
കാലം ഓടിമറഞ്ഞു. കലാലയ ജീവിതം അവസാനിക്കാറായി. രേവതിയെ പിരിയാൻ പാറുവിന് ആവില്ലായിരുന്നു. 4 വർഷക്കാലം സ്വന്തം അച്ഛനമ്മമാരെക്കാൾ തന്നെ ഏറെ സ്നേഹിച്ച കൂട്ടുകാരിയാണല്ലോ അവൾ.
പക്ഷേ കാലചക്രം പിടിച്ചുനിർത്താൻ ആരാലും സാധ്യമല്ലലോ. ഇണക്കവും പിണക്കവും കണ്ടുമുട്ടലുകളും വിരഹവും എല്ലാം അനിവാര്യമാണ്. കാലപ്രയാണത്തിൽ എല്ലാം ഒരു ഓർമ്മയായി മാറുകയും ചെയ്യും. നാട്ടിലെ തറവാട്ടിൽ തിരിച്ചെത്തിയ പാറു അസ്വസ്ഥയായിരുന്നു .
മുത്തശ്ശി ചോദിച്ചു ,
“ന്റെ പാറൂട്ടീടെ മുഖമെന്താ കടന്നലു കുത്തിയപോലെ? ”
അവൾ ഒന്നുമില്ലെന്നു തലയാട്ടി. അവൾ കലാലയ ജീവിതത്തിന്റെ ഓർമ്മയിലായിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളാണല്ലോ അവസാനിച്ചത്. പെട്ടെന്ന് ഉമ്മറപ്പടിയിലെ മേശമേൽ വച്ചിരുന്ന ഒരു കത്ത് അവളുടെ കണ്ണിലുടക്കി.
അവൾ ഉറക്കെ ചോദിച്ചു , “ മുത്തശ്ശീ ഇത് ആരുടെ കത്താണ് ? അച്ഛന്റെ യാണോ ? "
“ അയ്യോ മോളേ , മുത്തശ്ശി മറന്നു. ഇത് നിനക്കുള്ള കത്താണ് . ”
“ എനിക്കോ ?"
അവൾ കത്തു തുറന്ന് വായിച്ചു. പരിചയമുള്ള കൈപ്പട , അതെ , തന്റെ ആനന്ദിന്റെ കത്താണത്. കത്തു വായിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പാറു ,
“ ഇതു ഞാനാണ്. ആനന്ദ്. ഓർമയുണ്ടോ എന്നറിയില്ല. നിന്റെ വാക്കുകളാൽ കീറിമുറിയപ്പെട്ട ഞാൻ നിന്റെ ഒരു മറുപടിക്കായി കാത്തിരിക്കുകയായിരുന്നു ഇക്കാലമത്രയും. ഈ കത്തു കിട്ടുന്ന ഉടനെ നീ മറുപടി തരണം. ഇല്ലെങ്കിൽ എന്റെ അമ്മയുടെ ആഗ്രഹപ്രകാരം എന്റെ മുറപ്പെണ്ണിനെ ഞാൻ വിവാഹം കഴിക്കേണ്ടിവരും. അമ്മ എല്ലാം നിശ്ചയിച്ചുറപ്പിച്ചുപോലെയാണ്. ഈ ചിങ്ങം 18 ന് കുടുംബക്ഷേത്രത്തിൽ വച്ചു നടത്താനാണ് തീരുമാനം. നിന്റെ മറുപടിക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം ആനന്ദ് .
അവൾ കലണ്ടറിലേക്കു നോക്കി. ഇന്ന് ചിങ്ങം 18. ഈ കത്ത് ഇവിടെ കിട്ടിയിട്ട് തന്റെ കണ്ണിൽ മാത്രം പെടാതെപോയല്ലോ. ഒരു ദിവസം... ഒരു ദിവസം മുന്നേ കിട്ടിയിരുന്നെങ്കിൽ. അവൾ നെഞ്ചുരുകി കരഞ്ഞു. വിടരും മുമ്പേ തല്ലിക്കൊഴിച്ചു തന്റെ പ്രണയമൊട്ടിനെ ഓർത്ത് അവളുടെ മനം ഇടറി.
മുറിയിലെ ഘടികാരം 1 മണി അടിച്ചു. ഓർമ്മകളിൽ നിന്ന് പാറു ഞെട്ടി ഉണർന്നു . മുറ്റത്ത് മഴ ഇപ്പോഴും ചാറുന്നുണ്ട്. നിശാഗന്ധിയുടെ മണം അവളുടെ മൂക്കിൽ തുളഞ്ഞുകയറി. നിലാവെളിച്ചത്തിൽ പെയ്യുന്ന മഴയെ പാറു കൗതുകത്തോടെ നോക്കിനിന്നു. അവൾ തിരിച്ചറിഞ്ഞു. ഞാൻ ഇന്നും പ്രണയിക്കുകയാണ് ഈ മഴയെ ... നടക്കില്ലെങ്കിലും വെറുതെ അവളോർത്തു. ഈ മഴ കാണാൻ ആനന്ദ് തന്റെ അരികിൽ ഉണ്ടായിരുന്നുവെങ്കിൽ...

❤️❤️❤️❤️
ReplyDelete☺️
Delete😍
ReplyDelete☺️
Delete❣️❣️❣️❣️
ReplyDelete☺️
ReplyDeleteചില കഥകൾക്കും അവയിലെ കഥാപാത്രങ്ങൾക്കും ജീവനുണ്ടെന്നുള്ളതിൻ്റെ തെളിവ്❤️
ReplyDelete